കണ്ണൂര്‍: കൃഷിയുടെ നഷ്‌ടക്കണക്ക് മാത്രം പറയാനുള്ളവർക്ക് കാർഷിക ഉപദേശവുമായി എത്തുകയാണ് വയനാട് പുളിയാര്‍ മലയിലെ മണിയന്‍കോട് എസ്‌റ്റേറ്റ് ഉടമ എംഎ ചിരദീപ്. കൃഷിയേയും കൃഷി രീതികളെയും മനസിലാക്കി കൃത്യമായ ഇടവേളകളില്‍ വളപ്രയോഗം നടത്തിയാല്‍ വിജയം ഉറപ്പാണെന്നാണ് ചിരദീപിന് പറയാനുള്ളത്. കൃഷിയിൽ പലതും പരീക്ഷിച്ച ചിരദീപ് ലക്ഷ്യം നേടിയതിന് പിന്നില്‍ കൃത്യമായ വളപ്രയോഗമാണ്.
ഇത് ചിരദീപിന്‍റെ എസ്‌റ്റേറ്റിലെത്തിയാല്‍ നേരിട്ട് കണ്ടറിയാം. കൃത്യമായ വളപ്രയോഗത്തിലൂടെ മുപ്പത്തിയഞ്ചിലേറെ ഇനം ഡ്രാഗണ്‍ ഫ്രൂട്ടും ബട്ടര്‍ ഫ്രൂട്ടും കൃഷിചെയ്‌ത് വിജയം കൊയ്‌ത കർഷകനാണ് ചിരദീപ്. മണ്ണറിഞ്ഞ് വളം ചെയ്‌ത് കൃഷിയിറക്കുന്നതാണ് ചിരദീപിന്‍റെ രീതി.
ഫോസ്‌ഫറസ് കൂടുതലുളള കേരളത്തിന്‍റെ മണ്ണില്‍ 80 ശതമാനം ജൈവവളം ചേര്‍ത്ത് വേണം കൃഷിചെയ്യാന്‍. രാസവളം മാത്രം കൃഷിക്ക് നല്‍കുന്നത് ഒരിക്കലും നല്ലതല്ല. എന്നാല്‍ 20 ശതമാനം വരെ രാസവളം അനിവാര്യമാണ്. ഈ അറിവാണ് ചിരദീപിന്‍റെ കാർഷിക ജീവീതത്തിലെ വിജയത്തിന് പിന്നിലെ രഹസ്യവും.
സ്വന്തം തോട്ടത്തില്‍ നവീന രീതിയിലുള്ള വളപ്രയോഗത്തിലൂടെ വിജയം വരിച്ച കഥയാണ് ചിരദീപിന് പറയാനുള്ളത്. 20 കിലോ ചാണകമോ ആട്ടില്‍ കാഷ്‌ഠമോ ഉപയോഗിച്ച് മൂന്ന് ലോഡ് ട്രാക്‌ടറില്‍ കൊള്ളാവുന്ന വളത്തിന് തുല്യമായ രീതിയാണ് ചിരദീപ് പ്രയോഗിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് തന്നെ ഉത്പാദനം നേടാനും ചിരദീപിന്‍റെ വളപ്രയോഗത്തിലൂടെ കഴിയും.
വളപ്രയോഗം ഇങ്ങനെ: ഒരു ബാരലില്‍ 20 കിലോഗ്രാം ആട്ടിന്‍ കാഷ്‌ഠമോ ചാണകമോ നിറക്കണം. അതില്‍ രണ്ട് കിലോഗ്രാം ശർക്കരയും ഒരു കുപ്പി വെയ്സ്റ്റ് ഡീ കംപോസറും ചേര്‍ത്ത് ബാരല്‍ നിറയെ വെള്ളമൊഴിക്കുക. ഈ ചേരുവ എല്ലാ ദിവസവും ഇളക്കി യോജിപ്പിച്ച് തണലില്‍ സൂക്ഷിക്കണം. 21ാം ദിവസം വളം റെഡിയാകും. ബാരലില്‍ നിന്നും ഒരു ലിറ്റര്‍ ലായനി എടുത്ത് 9 ലിറ്റര്‍ വെള്ളം ചേര്‍ത്തശേഷം ചെടികളില്‍ സ്‌പ്രേ ചെയ്യുകയോ ചുവട്ടില്‍ ഒഴിക്കുകയോ ചെയ്യാം.
ഡ്രാഗണ്‍ ഫ്രൂട്ട് ചെടിയില്‍ നിന്നും ഒരു വര്‍ഷം ശുപാര്‍ശ ചെയ്യപ്പെടുന്നത് ആറ് ടണ്‍ മുതല്‍ ഏഴ് ടണ്‍ വരെ പഴങ്ങളാണ്. എന്നാല്‍ 8.69 ടണ്‍ പഴങ്ങള്‍ ചിരദീപിന്‍റെ തോട്ടത്തില്‍ നിന്നും ലഭിക്കുന്നു. ഇങ്ങനെ വളം നിര്‍മ്മിച്ച് ഉപയോഗിച്ച ശേഷം ബാരലില്‍ അവശേഷിക്കുന്നത് ചെടികളുടെ ചുവട്ടില്‍ ഉപയോഗിക്കാവുന്നതാണ്.
കൃഷിയിടങ്ങളില്‍ ഭീഷണിയാകുന്ന പന്നി ശല്യത്തിനും ചിരദീപിന് വ്യക്തമായ നിര്‍ദേശമുണ്ട്. ചെടിയുടെ ചുവട്ടില്‍ ആട്ടിന്‍ കാഷ്‌ഠവും എല്ലുപൊടിയും ഇട്ടശേഷം മുകളില്‍ വേപ്പിന്‍ പിണ്ണാക്ക് ഇട്ടാല്‍ പന്നികള്‍ വന്നതുപോലെ പോകും. എന്നാല്‍ വേപ്പിന്‍ പിണ്ണാക്ക് ഏറ്റവും മികച്ചതായിരിക്കണമെന്ന് ചിരദീപ് പറയുന്നു. മണ്ണിനെ അറിഞ്ഞ് കൃഷി ചെയ്യുന്ന ഈ കര്‍ഷകന് കൃഷിയുടെ വിജയത്തെക്കുറിച്ച് മാത്രമേ പറയാനുള്ളൂ. കൃഷിയുടെ നഷ്‌ടക്കണക്ക് പറയുന്നവര്‍ക്ക് ചിരദീപിന്‍റെ ഉപദേശം ഇത്രമാത്രം. മണ്ണറിഞ്ഞ് വളം ചെയ്യുക.
Also Read: പുതുതലമുറയ്‌ക്ക് കൃഷിപാഠമാകാൻ ഫാംസ്റ്റഡ്; അറിയാം ഫാം ഹൗസിലെ വിശേഷങ്ങള്‍