ഹൈദരാബാദ്: മലയാള സിനിമയില്‍ പവർ ഗ്രൂപ്പുകള്‍ ഇല്ലെന്നും എന്നാല്‍ കാസ്‌റ്റിങ് കൗച്ച് ഉണ്ടെന്നും ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ. ചില പ്രൊഡക്ഷൻ ഹൗസുകൾ സംവിധായകർ, എഴുത്തുകാർ, അഭിനേതാക്കൾ എന്നിവര്‍ തമ്മില്‍ ശക്തമായ വാണിജ്യ ബന്ധം പുലർത്തുന്നുണ്ടെങ്കിലും ഇവയൊന്നും രഹസ്യമായ അധികാര ഘടന ആല്ലെന്ന് ബി ഉണ്ണികൃഷ്‌ണന്‍ പറഞ്ഞു. ഇവര്‍ തമ്മില്‍ വാണിജ്യ താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ബന്ധമാണ് ഉള്ളതെന്നും ഉണ്ണികൃഷ്‌ണൻ വിശദീകരിച്ചു.
ഇത്തരം സഹകരണങ്ങൾ സാധാരണമാണ്. എന്നാല്‍ സിനിമ തീരുമാനങ്ങളെ സ്വാധീനിക്കുന്നതിനോ വ്യക്തികളെ ഒറ്റപ്പെടുത്തുന്നതിനോ ഉള്ള രഹസ്യ ലോബി അല്ലിതെന്നും ഉണ്ണികൃഷ്‌ണന്‍ ചൂണ്ടിക്കാട്ടി. അതേസമയം കാസ്റ്റിങ് കൗച്ച് ദൗർഭാഗ്യവശാൽ സാധാരണയായി കണ്ടുവരുന്ന പ്രശ്‌നമാണെന്നും ഇത് മലയാള സിനിമയിൽ മാത്രമല്ല, വിവിധ വ്യവസായങ്ങളിലുടനീളം നിലനിൽക്കുന്നുണ്ടെന്നും ഉണ്ണികൃഷ്‌ണന്‍ പറഞ്ഞു.
ഈ അനീതിക്കെതിരെ ഉറച്ച നിലപാടെടുക്കേണ്ടതുണ്ട്. കാസ്‌റ്റിങ് കൗച്ച് പൂർണ്ണമായും ഉന്മൂലനം ചെയ്യുന്നതില്‍ വെല്ലുവിളികള്‍ ഉണ്ടെന്നും ഫെക്‌ഫ്‌ക ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലാണ് മലയാള സിനിമയില്‍ നിലനില്‍ക്കുന്ന പവര്‍ ഗ്രൂപ്പിനെ പറ്റിയും സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക, തൊഴില്‍ അതിക്രമങ്ങളെ പറ്റിയും പരാമര്‍ശമുള്ളത്. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ സിനിമ രംഗത്തെ പവര്‍ ഗ്രൂപ്പിനെ നിഷേധിച്ച് രംഗത്ത് വന്നിരുന്നു.