എറണാകുളം: ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസിലേക്ക് മത്സ്യ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. പെരിയാറിലെ മത്സ്യക്കുരുതിയില്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പ്രതിഷേധത്തിലാണ് സംഘര്‍ഷമുണ്ടായത്. കുട്ടകളിലും ബക്കറ്റുകളിലും ചത്ത മീനുകള്‍ നിറച്ചെത്തിയ ജനങ്ങള്‍ പിസിബി ഓഫിസിലേക്ക് എറിയുകയായിരുന്നു. പ്രതിഷേധം പിസിബി ഓഫിസിന് മുമ്പില്‍ പൊലീസ് തടഞ്ഞു. ഇതോടെ ഇരുസംഘവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
പൊലൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് മത്സ്യക്കുരുതിയിലേക്ക് നയിച്ചതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഇതിലൂടെ തങ്ങള്‍ക്ക് ലക്ഷങ്ങളുടെ നഷ്ട്ടമുണ്ടായെന്നും മതിയായ നഷ്‌ട പരിഹാരം നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു. ഇതിനിടെ പിസിബി ഓഫീസിലേക്ക് എത്തിയ പിസിബി ജില്ലാ ചെയർമാനെ പ്രതിഷേധക്കാർ തടഞ്ഞത് സംഘർഷത്തിന് കാരണമായി. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റിയാണ് ചെയർമാനെ കടത്തിവിട്ടത്.
സംഭവത്തില്‍ പ്രതിഷേധിച്ച് പിസിബി ഓഫിസിലേക്ക് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ഷകരുടെ പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ എൻവിയോൺമെൻ്റ് എഞ്ചിനീയറെ ഉപരോധിച്ചിരുന്നു. ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ നേതൃത്വത്തിലാണ് ഉപരോധം സംഘടിപ്പിച്ചത്. മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങളെ തടയുന്നത് ആരാണെന്ന് വ്യക്തമാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ ഭരണകൂട്ട്‌ക്കെട്ട് മലിനീകരണത്തിന് കാരണമാകുന്ന വ്യവസായ സ്ഥാപനങ്ങളെ സഹായിക്കുകയാണെന്നും അവർ ആരോപിച്ചു.
തിങ്കളാഴ്‌ച (മെയ് 20) രാത്രി മുതലാണ് പെരിയാറിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയത്. കരിമീൻ, ചെമ്മീൻ, ചെമ്പല്ലി, തുടങ്ങിയ ചെറുമീനുകൾ ഉൾപ്പടെയുള്ള മത്സ്യങ്ങളാണ് ചത്ത് കരയ്ക്ക് അടിഞ്ഞത്. മുൻവർഷങ്ങളിലും പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
പുഴയിൽ കൂട് മത്സ്യകൃഷി ചെയ്യുന്ന കർഷകരുടെ മത്സ്യങ്ങളും കൂട്ടത്തോടെ ചത്തുപൊങ്ങിയത് ലക്ഷങ്ങളുടെ നഷ്ട്ടമാണുണ്ടാക്കിയത്. പെരിയാറിൻ്റെ തീരത്ത് പ്രവർത്തിക്കുന്ന കമ്പനികൾ രാസമാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കുന്നത് തടയണമെന്ന് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും നിരന്തരമായി ആവശ്യപെടാറുണ്ട്. എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡോ, സർക്കാരോ ക്രിയാത്മകമായി ഈ വിഷയത്തിൽ ഇടപെടാറില്ലന്ന വിമർശനവും ശക്തമാണ്.
പെരിയാറിലെ മലിനീകരണം മത്സ്യ കർഷകരെയും ക്രമേണ മനുഷ്യരെ മുഴുവനും ബാധിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടികാണിക്കുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഇല്ല. രാസമാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കുന്ന വ്യവസായ സ്ഥാപനം ഏതാണെന്ന് പോലും കണ്ടെത്താൻ പൊലൂഷ്യൻ കൺട്രോൾ ബോർഡിന് കഴിഞ്ഞിട്ടില്ല. ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നും പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു.
വ്യവസായ സ്ഥാപനങ്ങൾ സമീപത്തെ തോടുകളിലേക്ക് ഒഴുക്കിവിടുന്ന മാലിന്യങ്ങൾ മഴ വെള്ളത്തിലൂടെ പുഴയിലെ വെള്ളത്തില്‍ കലരും. ഇതോടെയാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നതെന്നാണ് കരുതുന്നത്. പുഴയിലേക്ക് എത്തുന്ന രാസമാലിന്യങ്ങൾ മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതിനും കാരണമായിട്ടുണ്ട്. ഇത് മത്സ്യമേഖലയെ ആശ്രയിക്കുന്ന നൂറു കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്.