കോഴിക്കോട്: താമരശേരിയിൽ കുരങ്ങിന്‍റെ ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്ക്. കർഷകനും കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്‌മ കൺവീനറുമായ രാജു ജോൺ തുരുത്തിപ്പള്ളിക്കാണ് (57) പരിക്കേറ്റത്. കൃഷിയിടത്തിൽ കൂട്ടമായെത്തി തെങ്ങുകളിൽ കയറി നാളികേരം പറിച്ചിട്ട കുരങ്ങന്മാരെ തുരത്താൻ ശ്രമിക്കുന്നതിനിടെ കുരുങ്ങുകളിലൊന്ന് പിഴുതിട്ട കരിക്ക് തലയിൽ വീഴുകയായിരുന്നു.
രാജു ജോണിന്‍റെ കട്ടിപ്പാറയിലെ വീടിന് സമീപത്തെ തെങ്ങിൻതോപ്പിൽ ഇന്നലെ (നവംബർ 8) രാവിലെ ഒമ്പതുമണിക്കായിരുന്നു സംഭവം. അപ്രതീക്ഷിതമായ ആക്രമണത്തിൽ രാജുവിന്‍റെ തലയ്ക്കും കണ്ണിനും മുഖത്തും പരിക്കേറ്റു. നിലവിൽ രാജു ജോൺ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ ഭാഗത്ത് നേരത്തെയും നിരവധി തവണ ഇതിന് സമാനമായ രീതിയിൽ കുരങ്ങിന്‍റെ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. മാത്രമല്ല കുരങ്ങുകൾ വ്യാപകമായി കൃഷിയിടത്തിൽ ഇറങ്ങുന്നത് കൊണ്ട് കൃഷിനാശവും കർഷകരുടെ നിലനിൽപ്പും തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.
അതേസമയം കർഷകന് പരിക്കേറ്റതോടെ വാനരശല്യം നിയന്ത്രിക്കാൻ അടിയന്തരമായി വനംവകുപ്പ് ഇടപെടണം എന്നതാണ് പ്രദേശത്തെ കർഷകരുടെയും നാട്ടുകാരുടെയും ആവശ്യം.
Also Read: ചാത്തമംഗലത്ത് കുറുക്കന്‍റെ ആക്രമണം; വിദ്യാർഥിനിയടക്കം മൂന്ന് പേർക്ക് കടിയേറ്റു