ഇടുക്കി: ഇടുക്കിയിലെ ഏല തോട്ടങ്ങളിൽ കള്ളൻമാരുടെ ശല്യം രൂക്ഷമാകുന്നു. ഈ സാഹചര്യത്തിൽ കള്ളനെ പിടികൂടുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ഇടുക്കിയിലെ കർഷകൻ. നെടുംകണ്ടം തൂക്കുപാലം സ്വദേശിയായ രാജേഷാണ് മോഷണ ശല്യം മൂലം കള്ളനെ പിടികൂടുന്നവർക്ക് പരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത് (Farmer Offers 1 Lakh Rupees Reward For Catching Thieves In Idukki).
കൊവിഡ് കാലഘട്ടത്തിലാണ് രാജേഷ് ഏലം കൃഷി ആരംഭിച്ചത്. വില കൊടുത്ത് വെള്ളം വാങ്ങിയാണ് കൃഷി പരിപാലിയ്ക്കുന്നത്. എന്നാൽ വിളവ് ആയ കാലം മുതൽ കള്ളൻമാരുടെ ശല്യവും ആരംഭിച്ചു. തോട്ടത്തിൽ നിന്നും പച്ച ഏലക്ക പല തവണ നഷ്‌ടപ്പെട്ടു.
ഓരോ തവണ കൃഷിയിടത്തിൽ എത്തുമ്പോഴും പല ഏലം ചെടികളിൽ നിന്നും ഏലക്ക നഷ്‌ടമായിട്ടുണ്ട്. ഓരോ വിളവെടുപ്പിനും ആയിരകണക്കിന് രൂപയാണ് നഷ്‌ടമാവുന്നത്. ഇടുക്കിയിലെ മിക്ക മേഖലകളിലും കൃഷിയിടങ്ങളിൽ നിന്ന് പച്ച ഏലക്ക നഷ്‌ടമാകുന്നത് പതിവായിരിയ്ക്കുകയാണ്. പരിതോഷികം പ്രഖ്യാപിച്ചതോടെ നാട്ടുകാരുടെ സഹായത്തോടെ കള്ളനെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് ഈ കർഷകൻ.
ALSO READ:ഇടുക്കിയില്‍ വീട് കുത്തിത്തുറന്ന് 4 ലക്ഷത്തിന്‍റെ ഏലക്ക കവര്‍ന്നു ; പ്രതി പിടിയിൽ
പ്രതി പിടിയിൽ: ഇടുക്കിയിൽ വീട് കുത്തിതുറന്ന് ഏലക്ക കവർന്ന കേസിൽ പ്രതി പിടിയിൽ. പാമ്പാടുംപാറയിലെ വീട് കുത്തിത്തുറന്നായിരുന്നു പ്രതി ഏലക്ക മോഷ്‌ടിച്ചത്. വണ്ടന്‍മേട് സ്‌കൂള്‍മേട് സന്തോഷ് ഭവനില്‍ മണികണ്‌ഠനാണ് പൊലീസിന്‍റെ വലയിലായത്. നാല് ലക്ഷത്തോളം രൂപയുടെ ഏലക്കയാണ് പ്രതി വീട്ടിൽ നിന്നും മോഷ്‌ടിച്ചത്. നെടുങ്കണ്ടം പൊലീസായിരുന്നു പ്രതിയെ ഈ മാസം പിടികൂടിയത് (Cardamom Theft In Idukki).
കഴിഞ്ഞ14ന് പൊങ്കല്‍ ആഘോഷിക്കുന്നതിനായി വീട്ടുടമസ്ഥ തമിഴ്‌നാട്ടില്‍ പോയ സമയത്തായിരുന്നു മോഷണം. മരുമകന്‍റെ പണിക്കാരനായ പ്രതി വീടിന്‍റെ ഷീറ്റ് പൊളിച്ച് അകത്ത് കടന്ന് 250 കിലോയോളം തൂക്കം വരുന്ന ഉണക്ക ഏലക്ക കടത്തിക്കൊണ്ട് പോവുകയായിരുന്നു.
സ്ഥിരം സന്ദർശകനായ മണികണ്‌ഠൻ തന്നെയായിരുന്നു ഏലക്ക വീടിനുള്ളിൽ എടുത്തുവയ്ക്കുവാൻ സഹായിച്ചത്. വീട്ടിൽ ആളില്ലാത്ത ദിവസം നോക്കി മോഷണത്തിന് പദ്ധതിയിട്ട മണികണ്‌ഠൻ 14ന് രാത്രി പുളിയന്‍മലയിൽ നിന്നും സ്വന്തം കാര്‍ ഓടിച്ച് പാമ്പാടുംപാറയിലെത്തുകയായിരുന്നു. അടുക്കളയുടെ സ്‌റ്റെയര്‍കേസ് വഴി വീടിന് മുകളില്‍ കയറി ഷീറ്റ് പൊളിച്ച് അകത്തുകടന്ന് വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഏലക്ക കടത്തിക്കൊണ്ട് പോവുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞിരുന്നു.