കൊല്ലം : ഇരുപത്തിരണ്ടാം വയസിലാണ് ഒരു നാടിനെ തന്നെ ദുഃഖത്തിലാഴ്ത്തി അഖില വിടപറയുന്നത്. പ്രിയപ്പെട്ടവൾ ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന സത്യം ഉൾക്കൊള്ളാൻ മാതാപിതാക്കൾക്കും സഹോദരിക്കും കൂട്ടുകാർക്കും നാട്ടുകാർക്കും ഇതുവരെയും കഴിഞ്ഞിട്ടില്ല. കളിയും ചിരിയും ഒരുപാട് സ്വപ്‌നങ്ങളുമായി ജീവിച്ച ആ പെൺകുട്ടിയുടെ ഓർമ നിലനിർത്താൻ അവളുടെ കല്ലറയിൽ ക്യൂആർ കോഡും വെബ്സൈറ്റ് അഡ്രസും പതിപ്പിച്ചിരിക്കുകയാണ് വീട്ടുകാർ.
കൊട്ടാരക്കര വാളകം ആക്കാട്ട് റെജി വിലാസത്തിൽ റെജിയുടെയും മിനിയുടെയും ഇളയമകളായ അഖില റെജിയുടെ കല്ലറയിലാണ് ക്യൂആർ കോഡും വെബ്സൈറ്റ് അഡ്രസും സ്ഥാപിച്ചിട്ടുള്ളത്. നന്നായി പാടുകയും നൃത്തം ചെയ്യുകയും ചിത്രം വരയ്ക്കുകയും ചെയ്യുമായിരുന്ന അഖിലയുടെ ഡാൻസും വരകളും ചിത്രങ്ങളുമെല്ലാം ക്യൂആർ കോഡ് സ്‌കാൻ ചെയ്‌താൽ കാണാം. അഖിലയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് കല്ലറയിൽ അവളുടെ ഓർമകൾ നിറച്ച് www.akhilaammuzz.in എന്ന വെബ്സൈറ്റും ക്യൂആർ കോഡും ഉണ്ടാക്കിയത്.
ഡിജിറ്റൽ ലോകത്ത് മരണമില്ലാതെ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന അഖിലയെ ഇതിലൂടെ കാണാം. നൂറ്റിമുപ്പത് ചിത്രങ്ങളും 25 വീഡിയോയുമാണ് ഇപ്പോൾ ഇതിലുള്ളത്. അവൾ എവിടേക്കും പോയിട്ടില്ലെന്നും വിരൽത്തുമ്പിനപ്പുറം അവൾ ജീവനോടെ ഉണ്ടെന്നും പ്രിയപ്പെട്ടവർക്ക് ആശ്വസിക്കാം. മകളുടെ നിറമുള്ള ഓർമകൾ കൺമുന്നിൽ കാണാനും എന്നെന്നും നിലനിര്‍ത്താനുമാണ് വാളകം മാർത്തോമ്മാ വലിയ പള്ളി സെമിത്തേരിയിലെ കല്ലറയിൽ വെബ്സൈറ്റും ക്യൂആർ കോഡും പതിപ്പിച്ചത്.
കൂടുതൽ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തി വെബ്സൈറ്റ് സജീവമാക്കാനാണ് തീരുമാനം. അഖിലയുടെ സഹോദരി അനിജയും ഭർത്താവ് ഫെലിക്‌സുമാണ് ആശയത്തിന് പിന്നിൽ. തിരുവനന്തപുരത്തെ സ്വകാര്യ സോഫ്‌റ്റ് വെയർ കമ്പിനിയാണ് വെബ്സൈറ്റും ക്യൂആർ കോഡും ഒരുക്കിയത്. രണ്ടരലക്ഷത്തോളം ചെലവഴിച്ചാണ് കല്ലറയുടെ സ്‌റ്റോൺ വർക്കിനും മറ്റും ഒരുമാസം കൊണ്ട് പൂർത്തിയാക്കിയത്.
എന്നും പുതുമകൾ ഇഷ്‌ടപ്പെട്ടിരുന്ന മകൾക്കായി കറുപ്പും വെളുപ്പും നിറത്തിലുള്ള മാർബിളിലാണ് കല്ലറ മോടി പിടിപ്പിച്ചത്. മാർത്തോമ രൂപതയ്ക്ക് പ്രത്യേകം കത്ത് നൽകി അനുമതി വാങ്ങിയാണ് കല്ലറ പുതുക്കിയതും ക്യൂ ആർകോഡ് പതിപ്പിച്ചതും. വെളുത്ത മാർബിളിൽ ചിരിക്കുന്ന അഖിലയുടെ ചിത്രവും സ്ഥാപിച്ചിട്ടുണ്ട്. മധുരവും പൂക്കളും ഇഷ്‌ടപ്പെട്ടിരുന്ന അഖിലയുടെ കല്ലറയിൽ പ്രിയപ്പെട്ടവർ കൊണ്ടുവച്ച പൂക്കളും ചോക്ലേറ്റ് എപ്പോഴും കാണാം.
വീടിനുള്ളിലെ കളിയും ചിരിയും ബഹളങ്ങളും ഇല്ലാതാക്കി പനിയുടെ രൂപത്തിലാണ് അഖിലയെ മരണം കവർന്നത്. ചെന്നൈയിലെ ബാലാജി മെഡിക്കൽ കോളജിലെ അവസാനവർഷ കാർഡിയാക് പെർഫ്യൂഷൻ ടെക്നോളജി വിദ്യാർഥിനിയായിരുന്നു അഖില. പരീക്ഷ പൂർത്തിയാക്കി വീട്ടിലേക്കെത്തിയ അവൾക്ക് പെട്ടെന്നാണ് ചെറിയ പനിയും തലവേദനയും പിടികൂടുന്നത്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2022 ഡിസംബർ 30 നാണ് അഖില മരിച്ചത്. നാടിന്‍റെ പൊന്നോമന പഠനത്തോടൊപ്പം കലാപരിപാടികളിലും മിടുക്കിയായ അഖില അദ്ധ്യാപകർക്കും കൂട്ടുകാർക്കും എന്നും പ്രിയപ്പെട്ടവളായിരുന്നു. രാഷ്ട്രീയ, സാമൂഹിക പ്രവർത്തനങ്ങളിലും അവൾ സജീവമായിരുന്നു. നാട്ടിൽ എന്ത് പരിപാടി നടന്നാലും അവിടെ നിറസാന്നിദ്ധ്യമായിരുന്നു. ഒരിക്കൽ പരിചയപ്പെട്ടാൽ പിന്നിടൊരിക്കലും മറക്കാൻ പറ്റാത്തവിധം അവരുടെ മനസിൽ സ്ഥാനമുറപ്പിക്കുന്ന പെരുമാറ്റമായിരുന്നു അവൾക്ക്.
മറ്റുള്ളവരുടെ സങ്കടങ്ങൾ കേൾക്കുക മാത്രമല്ല തനിക്ക് കഴിയും വിധം അവരെ ചേർത്ത് നിറുത്താനും അഖില എന്നും ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് അവളുടെ ചരമവാർഷികത്തിന് അവളുടെ പേരിൽ അഞ്ച് നിർദ്ധന കുടുംബങ്ങൾക്ക് വീടുവെയ്ക്കാൻ കുടുംബം വസ്‌തുനൽകിയത്. അഖില എവിടേക്കും പോയിട്ടില്ല. മോൾ എന്നും ഓർമകളിൽ അനശ്വരയായി ജീവിക്കുന്നുണ്ടെന്നാണ് അഖിലയുടെ അമ്മ മിനിയുടെ വാക്കുകള്‍.