മൂന്നാര്‍: അഡീഷണൽ തഹസിൽദാരായിരുന്ന എം ഐ രവീന്ദ്രൻ നിർമ്മിച്ച വ്യാജ പട്ടയങ്ങളിന്മേൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് സർക്കാരിനോട് ഹൈക്കോടതി. കേസില്‍ വിശദീകരണവും കോടതി ആവശ്യപ്പെട്ടു. വ്യാജ പട്ടയം നിർമ്മിച്ച കേസിൽ രവീന്ദ്രനെതിരെ കേസെടുത്തിട്ടുണ്ടോയെന്നും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നുമാണ് സർക്കാർ അറിയിക്കേണ്ടത്. രവീന്ദ്രൻ നൽകിയ 530 പട്ടയങ്ങൾ റദ്ദാക്കിയ ഉത്തരവ് സർക്കാർ കോടതിയിലിന്ന് ഹാജരാക്കി.
രവീന്ദ്രനെ പട്ടയം നൽകാൻ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ അധികാര പരിധി ലംഘിച്ച് ഇയാൾ വ്യാജ പട്ടയങ്ങൾ നൽകി. വ്യാജമേത്, യഥാർത്ഥ പട്ടയമേത് എന്നു തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ വാക്കാൽ മറുപടി നൽകിയത്. രവീന്ദ്രൻ പെൻഷൻ വാങ്ങുന്നില്ലേയെന്നാരാഞ്ഞ കോടതി രവീന്ദ്രന് പിന്നിൽ മറ്റാളുകൾ ഉണ്ടാകുമെന്ന സംശയവും പ്രകടിപ്പിച്ചു.
42 ഭൂമി കൈയ്യേറ്റ കേസുകളിലും സർക്കാർ പരാജയപ്പെട്ടു. പരാജയപ്പെട്ട കേസുകളിൽ സർക്കാർ എന്തുകൊണ്ട് അപ്പീലിനു പോയില്ലെന്നും ഹൈക്കോടതി വിമർശിച്ചു. വ്യാജ പട്ടയ കേസിൽ ഗൂഢാലോചന കുറ്റം മാത്രം ചുമത്തിയത് തൃപ്‌തികരമല്ല, വൻ അഴിമതിയാണ് നടന്നതെന്നും കോടതി കുറ്റപ്പെടുത്തി.
വ്യാജ പട്ടയ വിതരണത്തിലെ അന്വേഷണ കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനിൽ നിന്നും വിശദീകരണം തേടാനും കോടതി തീരുമാനിച്ചു. ഹർജികളിന്മേൽ വാദം കേൾക്കവെ സിബിഐയെ സ്വമേധയാ കക്ഷി ചേർക്കുമെന്ന് വ്യക്തമാക്കിയ കോടതി മൂന്നാർ കൈയ്യേറ്റ വിഷയം ചൊവാഴ്ച്ച വീണ്ടും പരിഗണിക്കും.
ALSO READ: മൂന്നാറില്‍ കെട്ടിട നിര്‍മ്മാണത്തിന് ഇനി റവന്യൂ വകുപ്പിന്‍റെ എന്‍ഒസി വേണ്ടെന്ന് ഹൈക്കോടതി