കണ്ണൂർ: തയ്യൽ ചക്രങ്ങളുടെ താളങ്ങളിൽ നിന്ന് ഏഴോം പഞ്ചായത്തിലെ വിവിധ കുടുംബശ്രീ അംഗങ്ങൾ ജീവിതം തുന്നിയെടുക്കാൻ തുടങ്ങിയിട്ട് 13 വർഷമായി. എഴോത്തു നിന്നും അധികമല്ലാത്ത പ്രദേശത്തെ കൊച്ചു കെട്ടിടത്തിലേക്ക് കടക്കുമ്പോൾ തന്നെ തയ്യൽ മെഷീനുകളുടെ താളം തെറ്റാത്ത തൊഴിലിടത്തെ സ്ത്രീ സൗന്ദര്യം കാണാം. സെക്രട്ടറി ഇ ടി വത്സലയും പ്രസിഡൻ്റ് കെ ശോഭനയും ഓർഡറുകൾ സ്വീകരിക്കുന്ന തിരക്കിലാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുട്ടി പൊലീസിൻ്റെ കുപ്പായം മുതൽ കണ്ണൂർ ഗവൺമെൻ്റ് എൻജിനീയറിങ് കോളജിലെ വിദ്യാർഥികളുടെ യൂണിഫോം വരെ. സംസ്ഥാനമാകെ വിതരണം ചെയ്‌ത ലോട്ടറി തൊഴിലാളികളുടെ കോട്ട് മുതൽ ചെറുതാഴം സ്‌കൂളിലെ കുട്ടികൾക്കുള്ള ജൻ്റർ ന്യൂട്രൽ യൂണിഫോം വരെ. ഏഴോം അപ്പാരൽ പാർക്കിൻ്റെ കൈയ്യൊപ്പ് പതിയാതെ ഇവ പുറം ലോകം കാണാറില്ല. ചുരുങ്ങിയ വർഷം കൊണ്ട് ഇവർ എത്തിപ്പിടിച്ച ഉയരം എത്രയോ വലുതാണ്.
2011 ഡിസംബർ 12ന് 40 പേർ ചേർന്ന് 1600 രൂപ ഗുണഭോക്തൃവിഹിതവും പന്ത്രണ്ട് ലക്ഷത്തി എൺപതിനായിരം രൂപ സർവിസ് സഹകരണ ബാങ്കിൽ നിന്ന് വായ്‌പയുമെടുത്ത് ആരംഭിച്ച സംരംഭമാണിത്. മൂന്നു വർഷം കൊണ്ട് മുഴുവൻ വായ്‌പയുമടച്ച് തീർത്ത് സ്വന്തമാക്കാനായതിൻ്റെ ആശ്വാസത്തിലാണ് ഇവിടെയുള്ള അംഗങ്ങൾ. നാല് ലക്ഷം രൂപ സബ്‌സിഡിയും കിട്ടി. 30 പേരാണ് ഇപ്പോൾ ഉള്ളത്. കൊവിഡ് കാലത്തും ഇവർ പ്രവർത്തനങ്ങളിൽ സജീവമായി.
ആ ഭീഷണിയെ മറികടക്കാനും ഇവരുടെ കൂട്ടായ പ്രവർത്തനങ്ങൾക്ക് സാധിച്ചു. പ്രവർത്തനം പതിമൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ ജില്ലയിലെ 25ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ യൂണിഫോമുകളും കല്യാണ വസ്ത്രങ്ങളുടെ ഓർഡറുകളും സംസ്ഥാന ജില്ലാ കുടുംബശ്രീ മിഷനുകളുടെ ഓർഡറുകളും ഏറ്റെടുത്ത് നടത്തുന്ന വലിയ സ്ഥാപനമായി മാറ്റാനായി ഇവർക്ക്. 26 സിംഗിൾ തയ്യൽ മെഷീനുകൾ ഉൾപ്പെടെ എല്ലാവിധ യന്ത്രസംവിധാനങ്ങളും സ്വന്തമാക്കി.
കൊവിഡ് കാലത്ത് ജില്ലാ മിഷൻ മുഖേന തുടങ്ങിയ നൈറ്റിംഗിൽ ബ്രാൻഡ് നൈറ്റികൾ മുതൽ പുത്തൻ ഡിസൈനിലും ഗുണനിലവാരത്തിലുമുള്ള വിവിധ വസ്ത്രവൈവിധ്യങ്ങൾ വരെ ഇവിടെ തുന്നിയെടുക്കുന്നുണ്ട്. സപ്ലൈകോ സഞ്ചികൾ പതാകകൾ തുടങ്ങിയവയും ഇവിടെയെത്തുന്നവർക്ക് നിർമിച്ച് നൽകുന്നു. സ്വകാര്യ വസ്ത്ര നിർമാണ കമ്പനികളെക്കാൾ വില കുറവാണെന്നും ഇവിടുത്തെ സവിശേഷതയാണ്. നാല് ബാച്ചുകളിലായി നൂറിലധികം പേർക്ക് ഇവർ പരിശീലനവും നൽകിക്കഴിഞ്ഞു.
Also Read: കേരളത്തനിമയും പുതുമയും നിറയുന്ന തറവാട്; നൂറ്റാണ്ടിന്‍റെ കഥപറയുന്ന വെള്ളരിക്കുണ്ടിലെ 'തടിവീട്'