പത്തനംതിട്ട : ജില്ല കലക്‌ടറുടെ പേരിലും സൈബർ തട്ടിപ്പ്. വ്യാജ വാട്‌സ്‌ആപ്പുണ്ടാക്കി എഡിഎം അടക്കമുള്ള ഉദ്യോഗസ്ഥരോട് പണം കടം ചോദിച്ചാണ് തട്ടിപ്പിന് ശ്രമം. പത്തനംതിട്ട ജില്ല കലക്‌ടർ പ്രേം കൃഷ്‌ണന്‍റെ ഫോട്ടോ ഡിപി വച്ച് വ്യാജ വാട്‌സ്‌ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പരിചയം പുതുക്കിയ ശേഷം ആണ് പണം ആവശ്യപ്പെട്ടുള്ള മെസേജ് വന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
സബ് കലക്‌ടറാണ് പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചതായി ആദ്യം കലക്‌ടറുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. മറ്റ് ചില സ്റ്റാഫുകള്‍ക്കും സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിൽ എസ്‌പിയെ കലക്‌ടർ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫരീദാബാദിൽ നിന്നുമാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതെന്ന് കണ്ടെത്തി.
നേരത്തെ പത്തനംതിട്ട ജില്ല പൊലീസ് മേധാവി വി അജിത്തിന്‍റെയും തിരുവനന്തപുരം ജില്ല കലക്‌ടര്‍ ജെറോമിക് ജോര്‍ജിന്‍റെയും പേരില്‍ വ്യാജ അക്കൗണ്ട് സൃഷ്‌ടിച്ച് പണം തട്ടാന്‍ ശ്രമം നടന്നിരുന്നു. എഡിഎം, കലക്‌ടറുടെ സുഹൃത്തുക്കള്‍ ഉൾപ്പെടെ നിരവധി പേര്‍ക്ക് സന്ദേശം അയച്ചുവെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് ഇത്തരമൊരു തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതെന്ന് കലക്‌ടർ പറഞ്ഞു. ഹരിയാന സ്വദേശിയാണ് തട്ടിപ്പിന് ശ്രമിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. ഇയാളെ പിടികൂടാനായി അന്വേഷണം ആരംഭിച്ചു.