ന്യൂഡൽഹി : കേരളത്തിലെ വടക്കുകിഴക്കൻ മേഖലയും പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ പരിസ്ഥിതി ലോല പ്രദേശം കൂടിയായ വയനാടിനെ സംരക്ഷിക്കാൻ പല ഉന്നത പരിസ്ഥിതി വിദഗ്‌ധരും മുമ്പ് മുന്നറിയിപ്പുകളും മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്. എങ്കിലും ഏറ്റവും ഒടുവിലായി മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ 289 പേരുടെ മരണത്തിനിടയാക്കി. മരിച്ചവരുടെ എണ്ണം ഇനിയും കൂടാനുള്ള സാധ്യതയുണ്ട്.
കേരളത്തിലെ ഏക പീഠഭൂമിയാണ് വയനാട്, ഡെക്കാൻ പീഠഭൂമിയുടെ തെക്ക് ഭാഗമായ മൈസൂർ പീഠഭൂമിയുടെ തുടർച്ചയാണ് വയനാട്. പശ്ചിമഘട്ടത്തിൽ 700 മുതൽ 2,100 മീറ്റർ വരെ ഉയരത്തിലാണ് വയനാട് സ്ഥിതി ചെയ്യുന്നത്. വയനാട് പരിസ്ഥിതി ലോല പ്രദേശമായി (Ecologically Sensitive Area) പരക്കെ അംഗീകരിക്കപ്പെട്ടതാണ്. സമ്പന്നമായ ജൈവവൈവിധ്യം, അതുല്യമായ ആവാസവ്യവസ്ഥ, നിർണായകമായ ജലസ്രോതസുകൾ എന്നിവയെല്ലാം ഈ പ്രദേശത്തിന്‍റെ പ്രത്യേകതയാണ്.
ഈ പ്രദേശം സസ്യങ്ങളുടെയും ജന്തുജാലങ്ങളുടെയും വൈവിധ്യമാര്‍ന്ന ആവാസ കേന്ദ്രമാണ്. ഇവിടങ്ങളിലെ വനത്തിൽ തദ്ദേശീയവും വംശനാശ ഭീഷണി നേരിടുന്നതുമായ നിരവധി ജീവജാലങ്ങളെ കാണാനാകും. ഈ പ്രദേശത്ത് ഉഷ്‌ണമേഖല മഴക്കാടുകൾ മുതൽ ഇലപൊഴിയും വനങ്ങൾ വരെയുണ്ട്. അവ ഓരോന്നും സവിശേഷമായ ജീവജാലങ്ങളെ നിലനിര്‍ത്തുകയും ചെയ്യുന്നു. മാനുഷിക പ്രവർത്തനങ്ങള്‍ മൂലമുണ്ടാകുന്ന പാരിസ്ഥിതിക മാറ്റങ്ങള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്.
വയനാട് സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടം, ലോകത്തിലെ തന്നെ ജൈവ വൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നാണ്. ഉയർന്ന തോതിലുള്ള സ്‌പീഷീസ് എൻഡെമിസം കൊണ്ടാണ് വയനാട് ഈ പദവിയിലേക്ക് ഉയര്‍ന്നത്. വയനാട്ടിൽ കാണപ്പെടുന്ന പല ഇനം സസ്യങ്ങളും സസ്‌തനികളും പക്ഷികളും ഉഭയജീവികളും പ്രാണികളും മറ്റെവിടെയും നിങ്ങള്‍ക്ക് കാണാനായെന്ന് വരില്ല.
ഗാഡ്‌ഗിൽ കമ്മിഷൻ : എന്നാല്‍, ദ്രുതഗതിയിലുള്ള നഗരവത്‌കരണം, കൃഷി, തോട്ടം പ്രവർത്തനങ്ങൾ എന്നിവ വയനാട്ടിലെ ആവാസ വ്യവസ്ഥയുടെ ശിഥിലീകരണത്തിന് കാരണമായി. ഇത്തരം പ്രവര്‍ത്തികള്‍ ജീവജാലങ്ങളുടെ നിലനിൽപ്പിന് ഭീഷണി സൃഷ്‌ടിച്ചു. പ്രത്യേകിച്ച് വലുതും അടുത്തടുത്തുള്ളതുമായ ആവാസ വ്യവസ്ഥകൾ ആവശ്യമുള്ള ജീവജാലങ്ങളെ ഇത്തരം പ്രവര്‍ത്തികള്‍ കാര്യമായി തന്നെ ബാധിച്ചു. മരം മുറിക്കൽ, കൃഷിക്കായി വനഭൂമി തരം മാറ്റൽ, മറ്റ് മനുഷ്യ പ്രവർത്തനങ്ങൾ എന്നിവ വനനശീകരണത്തിലേക്ക് നയിച്ചു. വനവിസ്‌തൃതിയിലുണ്ടായ ഈ നഷ്‌ടം ജൈവവൈവിധ്യം കുറയുന്നതിനും മണ്ണൊലിപ്പിനും കാരണമായി.
ഇത് കണക്കിലെടുത്താണ് വയനാട് ഉൾപ്പടെയുള്ള പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ കേന്ദ്രം പഠനത്തിനായി വിദഗ്‌ധ സംഘത്തെ നിയോഗിച്ചത്. പശ്ചിമഘട്ട പരിസ്ഥിതി വിദഗ് പാനൽ (WGEEP), അതിന്‍റെ ചെയർമാൻ മാധവ് ഗാഡ്‌ഗിലിന്‍റെ പേരില്‍, ഗാഡ്‌ഗിൽ കമ്മിഷൻ എന്നും അറിയപ്പെടുന്നു. ഇന്ത്യയുടെ പരിസ്ഥിതി, വന മന്ത്രാലയം നിയമിച്ച പരിസ്ഥിതി ഗവേഷണ കമ്മിഷനായിരുന്നു ഗാഡ്‌ഗില്‍ കമ്മിഷന്‍.
പശ്ചിമഘട്ടത്തിന്‍റെ പരിസ്ഥിതി വിലയിരുത്തുക, പ്രദേശത്തെ ദുർബല പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള നടപടികൾ നിർദേശിക്കുക എന്നിവയായിരുന്നു കമ്മിഷനെ നിയോഗിച്ചതിലെ പ്രാഥമിക ഉദ്ദേശ്യം. പരിസ്ഥിതി വിലയിരുത്തൽ, പ്രദേശത്തിന്‍റെ സോണേഷൻ, നയ ശുപാർശകൾ, സുസ്ഥിര വികസനം എന്നിവയും കമ്മിഷന്‍റെ പഠനമേഖലയായിരുന്നു.
പശ്ചിമഘട്ടത്തെ മുഴുവൻ പരിസ്ഥിതിലോല പ്രദേശമായി (ഇഎസ്എ) തരംതിരിക്കാനാണ് ഗാഡ്‌ഗില്‍ കമ്മിഷന്‍ പാനൽ നിർദേശിച്ചത്. പശ്ചിമഘട്ട അതിർത്തിക്കുള്ളിലെ 142 താലൂക്കുകളെ വ്യത്യസ്‌ത തലത്തിലുള്ള സംരക്ഷണങ്ങള്‍ വേണ്ട മൂന്ന് പരിസ്ഥിതി ലോല മേഖലകളായി (Ecologiocally Sensitive Zones) ഗാഡ്‌ഗില്‍ റിപ്പോർട്ട് തരംതിരിച്ചു. ESZ 1-ൽ, വികസന പ്രവർത്തനങ്ങളിൽ കർശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, ഉയർന്ന തോതില്‍ സംരക്ഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാർശ ചെയ്‌തിട്ടുണ്ട്. ESZ 2-ല്‍ നിയന്ത്രിതമായി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി മിതമായ സംരക്ഷണം നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാർശ ചെയ്‌തു. ESZ 3-ല്‍ അനുവദനീയമായ സുസ്ഥിര വികസന സമ്പ്രദായങ്ങളോടു കൂടി, താരതമ്യേന കുറഞ്ഞ സംരക്ഷണം നല്‍കണം എന്നുമാണ് ഗാഡ്‌ഗില്‍ കമ്മിഷന്‍ ശുപാർശ ചെയ്‌തത്.
ESZ 1, ESZ 2 മേഖലകളില്‍ ഖനനം, ക്വാറി, വൻകിട നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം നിരോധിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സോണുകളിൽ നിലവിലുള്ള ഹാനികരമായ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി അവസാനിപ്പിക്കണമെന്നാണ് റിപ്പോർട്ട് ശുപാർശ ചെയ്‌തത്. കൂടാതെ, ജൈവകൃഷി, കാർഷിക വനവത്‌കരണം, മറ്റ് സുസ്ഥിര കാർഷിക രീതികൾ എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതോടൊപ്പം സംരക്ഷണ പ്രവർത്തനങ്ങളിലും മറ്റ് കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിലും അതാത് നാട്ടിലെ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാണമെന്നും ഗാഡ്‌ഗില്‍ പാനൽ ആവശ്യപ്പെട്ടു. അവർക്ക് ഇതര ഉപജീവനമാർഗങ്ങളും സുസ്ഥിര പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിദ്യാഭ്യാസം നൽകുന്നതും ഇതിൽ ഉൾപ്പെടും.
പരിസ്ഥിതി സംരക്ഷണ നടപടികളുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നതിനും ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി ഒരു പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി (ഡബ്ല്യുജിഇഎ) സ്ഥാപിക്കണമെന്നതായിരുന്നു ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന ശുപാർശ. ശുപാര്‍ശകളും നിര്‍ദേശങ്ങളും വിശദ പഠനങ്ങളും ഉള്‍പ്പെടുത്തി, 2011 ഓഗസ്റ്റിൽ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു.
ഗാഡ്‌ഗില്‍ കമ്മിഷനോട് എതിര്‍പ്പ് : എന്നാല്‍ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിന് വിമര്‍ശനവും കടുത്ത പ്രതിഷേധവുമാണ് നേരിടേണ്ടി വന്നത്. ഗാഡ്‌ഗിൽ കമ്മിഷൻ റിപ്പോർട്ട് അമിതമായി പരിസ്ഥിതി സൗഹൃദമാണെന്നും അടിസ്ഥാന യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും വിമർശിക്കപ്പെട്ടു. റിപ്പോര്‍ട്ടില്‍ പറയുന്നത് പോലുള്ള കർശനമായ നിയന്ത്രണങ്ങൾ സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും തടസമാകുമെന്ന് പലരും വിലയിരുത്തി. ഡബ്ല്യുജിഇഎ എന്ന പുതിയ സ്ഥാപനം രൂപീകരിക്കാനുള്ള ശുപാർശയും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കി.
വയനാട്ടിലെ മലയോര മേഖലകളിൽ നിന്നാണ് ഭൂരിഭാഗം കർഷകരും ഉപജീവനം നേടിയിരുന്നത്. അതിനാല്‍ കേരളത്തിലും റിപ്പോര്‍ട്ടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ഇരുപതാം നൂറ്റാണ്ടിൽ തെക്കൻ കേരളത്തിൽ നിന്ന് ധാരാളം ആളുകൾ കുടിയേറിയാണ് വയനാട്ടിലും മറ്റ് പ്രദേശങ്ങളിലും വനഭൂമി കൈവശപ്പെടുത്തി കൃഷി ആരംഭിച്ചത്.
കസ്‌തൂരിരംഗന്‍ കമ്മിഷന്‍റെ രംഗപ്രവേശം : വിവാദങ്ങളും എതിർപ്പും കാരണം, ഗാഡ്‌ഗിൽ കമ്മിഷൻ ശുപാർശകൾ അവലോകനം ചെയ്യാൻ പ്രശസ്‌ത ബഹിരാകാശ ശാസ്‌ത്രജ്ഞൻ കെ കസ്‌തൂരിരംഗന്‍റെ നേതൃത്വത്തിൽ കസ്‌തൂരിരംഗൻ കമ്മിറ്റി എന്ന മറ്റൊരു പാനൽ ഇന്ത്യ ഗവൺമെന്‍റ് രൂപീകരിച്ചു. ഡബ്ല്യുജിഇഇപിയുടെ ഗാഡ്‌ഗിൽ റിപ്പോർട്ട് നിർദേശിച്ച പാരിസ്ഥിതിക നിയന്ത്രണ വ്യവസ്ഥയിൽ വെള്ളം ചേർത്തുകൊണ്ട് വികസനത്തിന്‍റെയും പരിസ്ഥിതി സംരക്ഷണത്തിന്‍റെയും തട്ട് സന്തുലിതമാക്കാനാണ് കസ്‌തൂരിരംഗൻ കമ്മിഷൻ ശ്രമിച്ചത്. പശ്ചിമഘട്ടത്തിന്‍റെ 37 ശതമാനം മാത്രമാണ് ഇഎസ്എ സോണുകൾക്ക് കീഴിൽ വരുന്നത് എന്ന് കസ്‌തൂരിരംഗൻ റിപ്പോർട്ട് പറയുന്നു. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടില്‍ ഇത് 67 ശതമമാനമായിരുന്നു.
ഇഎസ്എയിൽ ഖനനം, ക്വാറി, മണൽ ഖനനം എന്നിവ പൂർണമായും നിരോധിക്കണമെന്ന് ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് ശുപാർശ ചെയ്‌തിരുന്നു. നിലവിലെ ഖനന മേഖലകൾ അഞ്ച് വർഷത്തിനകമോ അല്ലെങ്കിൽ ഖനന പാട്ടത്തിന്‍റെ കാലാവധി തീരുന്നത് വരെ ഘട്ടംഘട്ടമായോ നിർത്തലാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. താപവൈദ്യുത പദ്ധതികൾ അനുവദിക്കരുതെന്നും ജലവൈദ്യുത പദ്ധതികൾ സമഗ്രമായ പഠനത്തിന് ശേഷം മാത്രമേ അനുവദിക്കാവൂ എന്നും ശുപാർശ ചെയ്‌തു. ഉയർന്ന മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങൾ കർശനമായി നിരോധിക്കണമെന്നും ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
അതേസമയം, കസ്‌തൂരിരംഗൻ റിപ്പോർട്ടിൽ ജനവാസ മേഖലകളെയും തോട്ടങ്ങളെയും ഇഎസ്എയുടെ പരിധിയിൽ നിന്ന് ഒഴിവാക്കുന്നതുൾപ്പെടെ നിരവധി ഉദാര സമീപനമാണുള്ളത്. എന്നാല്‍ പശ്ചിമഘട്ടത്തിലെ ഭൂമിയുടെ സോണൽ അതിർത്തി നിർണയിക്കാൻ റിമോട്ട് സെൻസിങ്, ഏരിയൽ സർവേ രീതികൾ ഉപയോഗിച്ചതിനാൽ കസ്‌തൂരിരംഗൻ റിപ്പോർട്ടും വിമർശനത്തിന് വിധേയമായി. ഗ്രൗണ്ട് റിയാലിറ്റി പരിശോധിക്കാതെ ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നത് റിപ്പോർട്ടിൽ ഒട്ടേറെ പിഴവുകൾ വരുത്തിയെന്നാണ് വിമർശകർ പറയുന്നത്. മാറിമാറി വന്ന സർക്കാരുകൾ ഈ രണ്ട് കമ്മിഷനുകളുടെയും ശുപാർശകൾ നടപ്പാക്കാത്തതാണ് വയനാട് ദുരന്തത്തിന് കാരണമായത് എന്ന അഭിപ്രായം വലിയ രാഷ്‌ട്രീയ ചർച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്.
വിദഗ്‌ദര്‍ പറയുന്നതിങ്ങനെ : റൂർക്കിയിലെ സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ജിയോ ടെക്‌നിക്കൽ എന്‍ജിനിയറിങ്, ജിയോഹാഫസാർഡ്‌സ് വിഭാഗത്തിലെ ചീഫ് സയന്‍റിസ്റ്റും പ്രൊഫസറുമായ ഡിപി കനുങ്കോ പറയുന്നതിങ്ങനെ :
'കേരളം ഉൾപ്പെടെയുള്ള പശ്ചിമഘട്ടത്തിൽ വെതറിങ്ങിന് (പാറകള്‍ പൊടിഞ്ഞ് ഭൂമിയില്‍ ലയിക്കുന്ന പ്രക്രിയ) സാധ്യതയുള്ള ഉയർന്ന ഗ്രേഡ് മെറ്റാമോർഫിക് പാറകളുണ്ട്. വെതറിങ് കാരണം, കുന്നിൻ ചെരിവുകളിൽ കട്ടിയുള്ള അമിത ഭാരമുണ്ടാകും. ഇവയിൽ പാറകൾക്കൊപ്പം ലാറ്ററിറ്റിക് മണ്ണും ഉണ്ട്. ലാറ്ററിറ്റിക് മണ്ണിൽ ധാരാളം കളിമണ്ണ് അടങ്ങിയിട്ടുണ്ട്.
ധാരാളം മഴ ലഭിക്കുമ്പോൾ, വെള്ളത്തെ ഒഴുകിപ്പോകാന്‍ അനുവദിക്കാതെ പിടിച്ച് നിര്‍ത്താനുള്ള പ്രവണത ലാറ്ററിറ്റിക് മണ്ണിന് ഉണ്ട്. ഇത്തരത്തില്‍ മണ്ണ് ധാരാളം വെള്ളം പിടിച്ചുവക്കുമ്പോള്‍ ജലസമ്മർദവും വർധിക്കും. തുടര്‍ന്ന് അതിന്‍റെ റെസിസ്‌റ്റന്‍സ് നഷ്‌ടപ്പെടും. ഈ ഘട്ടത്തിലാണ് ചെളിയും മറ്റ് വസ്‌തുക്കളും ഒഴുകാൻ തുടങ്ങുന്നത്. അതിശക്തമായി ഈ ഒഴുക്ക് മുന്നോട്ടുള്ള വഴിയിലെ എന്തിനെയും എടുത്തുകളയും.'- കനുങ്കോ ഇടിവി ഭാരതിനോട് പറഞ്ഞു.
2018-ല്‍ കേരളത്തില്‍ ഉണ്ടായ പ്രളയത്തിന്‍റെ ആഘാതം വിലയിരുത്താന്‍ നിയോഗിച്ച കേന്ദ്ര സംഘത്തെ നയിച്ചത് കനുങ്കോ ആണ്. കേരളം സന്ദർശിച്ച കനുങ്കോ അന്ന് ഇടുക്കി ജില്ലയിലെ ഭൂപ്രദേശത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വിദഗ്‌ധ സംഘത്തോടൊപ്പം ഇത്തവണയും അദ്ദേഹം കേരളത്തിൽ സന്ദർശനം നടത്തിയേക്കും.
വീർ ചന്ദ്ര സിങ് ഗർവാലി ഉത്തരാഖണ്ഡ് ഹോർട്ടികൾച്ചർ ആൻഡ് ഫോറസ്ട്രി സർവകലാശാലയിലെ ഫോറസ്ട്രി കോളേജിലെ ബേസിക് ആൻഡ് സോഷ്യൽ സയൻസ് ഡിപ്പാർട്ട്‌മെന്‍റ് തലവനും പ്രമുഖ ജിയോളജിസ്റ്റുമായ എസ് പി സതിയും സമാന കാഴ്‌ചപ്പാടാണ് പങ്കുവച്ചത്. വയനാടിന്‍റെ ഭൂപ്രദേശം മുഴുവനും വളരെ പഴക്കമുള്ള ഒരു പ്രത്യേക തരം പാറ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
'എന്നാൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് ലാറ്ററൈറ്റ് മണ്ണായി വെതര്‍ ചെയ്യപ്പെട്ട ബസാൾട്ടിക് അഗ്നിപർവ്വത പാറയായാണ് ഉള്ളത് എന്നാണ് ഫോട്ടോകളിൽ നിന്ന് ഞാന്‍ മനസിലാക്കുന്നത്. കോരിച്ചൊരിയുന്ന മഴയിൽ, ഈ കവർ മുഴുവനും പുറത്തേക്കൊഴുകി. ചെളിമണ്ണ് ജലത്തിന്‍റെ സാന്ദ്രതയും അളവും വർധിപ്പിക്കുന്നതാണ് വലിയ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന്' അദ്ദേഹം വിശദീകരിച്ചു.