കാസർകോട്: സിവിൽ പൊലീസ് ഓഫിസർ മുതൽ ഡിഐജിയുടേത് വരെയുള്ള യൂണിഫോം തയ്ക്കുന്ന ഒരാളുണ്ട് കാസർകോട്. പൊലീസ് യൂണിഫോം തയ്ക്കുന്നതിൽ വിദഗ്‌ദനായ മേൽപറമ്പ് സ്വദേശി ഹംസ. കഴിഞ്ഞ 32 വർഷമായി ജില്ലയ്ക്കകത്തും പുറത്തുമുള്ള പൊലീസുകാരുടെ പ്രിയപ്പെട്ട തയ്യൽക്കാരനാണ് ഹംസക്ക.
മറ്റു വസ്ത്രങ്ങളെ അപേക്ഷിച്ച് ഏറെ വ്യത്യസ്‌തവും തയ്ക്കാൻ ബുദ്ധിമുട്ട് നിറഞ്ഞതുമാണ് പൊലീസ് യൂണിഫോം എങ്കിലും ഹംസയ്ക്ക് ഇതാണ് ഏറ്റവും എളുപ്പം. ജോലിയിലെ വൈദഗ്ദ്യമാണ് ഹംസയുടെ പ്രത്യേകത. അതുകൊണ്ട് തന്നെ ഒരിക്കൽ ഹംസയുടെ അടുത്ത് എത്തിയവർ പിന്നെ ഹംസയെ വിട്ടുപോകില്ല.
ദുബൈയിൽ അമ്മാവൻ യൂസഫ് നടത്തിവന്നിരുന്ന ടെയ്‌ലേഴ്‌സിലാണ് തയ്യൽ ജോലിക്ക് കയറിയത്. അവിടെ നിന്നും തയ്യൽ പഠിച്ചു. എൺപതുകളുടെ തുടക്കത്തിലാണ് ഹംസ മേല്‍പറമ്പില്‍ 'ജീൻഷാക്' എന്ന പേരിൽ തയ്യൽക്കട തുടങ്ങുന്നത്. എല്ലാത്തരം വസ്ത്രങ്ങളും തയ്‌പ്പിച്ച് നല്‍കിയിരുന്ന തയ്യല്‍ കടയ്ക്ക് കാക്കിയുടെ സ്വഭാവം കൈവന്നത് കാസർകോട് ടൗൺ എസ്ഐയായിരുന്ന നാരായണൻ യൂണിഫോം തയ്‌ക്കാൻ എത്തിയതോടെയാണ്. അതായിരുന്നു ഹംസ തയിച്ച ആദ്യത്തെ പൊലീസ് യൂണിഫോം.
തുണി മുറിക്കുന്നതിലും കൃത്യതയോടെ തയ്ക്കുന്നതിലുമുള്ള മികവ് ഹംസയ്ക്ക് ഗുണമായി. ജോലിയിലെ വൈദഗ്ദ്യം കണ്ട് കൂടുതൽ പൊലീസുകാരെത്തിത്തുടങ്ങി. സിവിൽ പൊലീസ് ഓഫിസർ മുതൽ ഡിഐജി വരെ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കാസർകോട് എത്തുന്ന ജില്ല പൊലീസ് മേധാവിമാർക്കും യൂണിഫോം തയ്ക്കുന്നത് ഹംസ തന്നെ.
സൂക്ഷ്‌മതയോടെ ചെയ്യേണ്ട ജോലി വലിയ ലാഭം പ്രതീക്ഷിക്കാതെയാണ് ചെയ്യുന്നത്. ബംഗളൂരുവിൽ നിന്നാണ് യൂണിഫോമിനാവശ്യമായ സാധനങ്ങൾ വാങ്ങുന്നത്. ഇപ്പോൾ പത്തിലേറെ തൊഴിലാളികൾ ഇവിടെയുണ്ട്. എല്ലാത്തിനും ഹംസയുടെ മേൽനോട്ടമുണ്ടാകും. മേൽപറമ്പിൽ എത്തിയാൽ കടയുടെ പേരൊന്നും കാണാൻ കഴിയില്ല. മുന്നിൽ ചലച്ചിത്ര താരം രാം ചരൺ പൊലീസ് വേഷത്തിൽ നിൽക്കുന്ന ഫോട്ടോ കാണാം. പിന്നെ ആരോട് ചോദിച്ചാലും പൊലീസ് തയ്യൽകട കാണിച്ചു തരും.
പൊലീസിനെ കൂടാതെ എക്സൈസ്, കസ്റ്റംസ്, എംവിഡി, ആർപിഎഫ്, ജയിൽ ഉദ്യോഗസ്ഥർ തുടങ്ങി മുഴുവൻ സേന വിഭാഗങ്ങളുടെയും യൂണിഫോം ഇവിടെ നിന്നും തയ്ക്കും. ഇതിൽ സ്‌തംഭങ്ങളും ചിഹ്നങ്ങളും ഷോൾഡർ പാഡ്, സ്റ്റാർ, റിബൺ തുന്നിച്ചേർക്കുന്നു. പൊലീസിന്‍റെയും മറ്റ് സേന വിഭാഗങ്ങളുടെയും തൊപ്പികളും അതിൽ ചിഹ്നങ്ങളും പതിച്ച് കൃത്യമായ അളവിൽ തയ്യാറാക്കി നൽകുന്നുണ്ട്.
Also Read: വടക്കന്‍ മലബാറിന്‍റെ രുചി പെരുമ വയനാട്ടിലും; മീന്‍ രുചിയുമായി ഉച്ചയൂണൊരുക്കി ലഞ്ച് ഹോം