തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ ടി വീണയുടെ എക്സോലോജിക് കമ്പനിക്കെതിരെയുള്ള എസ്എഫ്ഐഒ അന്വേഷണം അനുവദിച്ച് കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. കമ്പനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഒരു പരിധി വരെ ശരിവയ്ക്കും വിധമാണ് കോടതി വിധി.
ഇടപാടുകളുടെ സങ്കീര്‍ണതകളും കേസില്‍ ഉള്‍പ്പെടുന്ന വ്യക്തികളുടെ പ്രവര്‍ത്തികളും നിമിത്തം. കേസുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് വെല്ലുവിളിയാണെന്നും സൂക്ഷ്‌മവും സങ്കീര്‍ണവുമായ വിവരങ്ങള്‍ ചികഞ്ഞെടുക്കാന്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ സാമര്‍ഥ്യമുള്ള എസ് എഫ് ഐ ഒ തന്നെ അന്വേഷിക്കേണ്ടി വരുമെന്നും എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരെ എക്‌സോലോജിക്ക് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ പറയുന്നു. ജസ്റ്റിസ് എം. നാഗപ്രസന്നയാണ് വിധി പറഞ്ഞത്. ഇന്നലെ വന്ന വിധിയുടെ 46 പേജുള്ള വിധി പകര്‍പ്പുകള്‍ ഇന്നാണ് കോടതി പുറത്തുവിട്ടത്.
സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ സങ്കീര്‍ണത വര്‍ധിച്ചുവെന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സമ്പദ്രംഗത്തിന് ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു. വ്യക്തമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം അന്വേഷണം എസ്എഫ്ഐഒയെ ഏല്‍പ്പിച്ചിരിക്കുന്നത്. നിയമപരമായി യാതൊരു തടസവും നിലവില്‍ ഉന്നയിക്കാന്‍ കഴിയില്ല. അന്വേഷണം റദ്ദാക്കുകയോ തടയുകയോ ചെയ്യാന്‍ കഴിയില്ല.
അന്വേഷണം തടയണം എന്ന് കാട്ടി എക്‌സാലോജിക്ക് ഉന്നയിച്ച ഒരു വാദങ്ങളും നിലനില്‍ക്കുന്നതല്ല. അന്വേഷണം ഏത് ഘട്ടത്തില്‍ ആണ് എസ്എഫ്‌ഐഒയ്ക്ക് കൈമാറേണ്ടത് എന്നത് കൃത്യമായി നിയമം അനുശാസിക്കുന്നുണ്ട്. നിയമത്തിലെ വാചകങ്ങള്‍ അടര്‍ത്തിയെടുത്ത് പുതിയ അന്വേഷണം നിയമവിരുദ്ധവും അന്യായവുമാണെന്ന് വരുത്താനുള്ള വീണയുടെ അഭിഭാഷകന്‍ അരവിന്ദ് ദത്താറിന്‍റെ ശ്രമങ്ങള്‍ ദുര്‍ബലമായ വാദമാണെന്നും കോടതി നിരീക്ഷിച്ചു.