കണ്ണൂര്‍: സിപിഎം സമ്മേളന കാലമാണ്. സിപിഎമ്മിനെ സംബന്ധിച്ച് ഏറ്റവും ശക്തിയുള്ള ജില്ലയാണ് കണ്ണൂര്‍. കണ്ണൂരിൽ സിപിഎമ്മിനെ വിവാദങ്ങള്‍ പിന്തുടരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.
എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്‌തതിന്‍റെ അലയൊലികൾ അടങ്ങും മുൻപ് ഇ പി ജയരാജന്‍റെ ആത്മകഥാ വിവാദം ആണ് ഏറ്റവും ഒടുവിൽ പാർട്ടിയെ പെടുത്തിയിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് വേളയിലാണ് വിവാദങ്ങൾ എന്നത് വിഷയത്തിന്‍റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു എന്ന് കെ സി ഉമേഷ് ബാബുവിനെ പോലുള്ള രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
വിവാദങ്ങളുടെ നീണ്ടനിര.
ഇപിയുടെ ഒന്നാം വിവാദം
ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കര്‍ ഇ പി ജയരാജനെ കണ്ടുവെന്ന് ഇപി തന്നെ വെളിപ്പെടുത്തിയതോടെ തുടങ്ങിയതാണ് പാർട്ടിക്കകത്തെ വിവാദങ്ങള്‍. പിന്നാലെ തെരഞ്ഞെടുപ്പിൽ സിപിഎം വൻ പരാജയം ഏറ്റുവാങ്ങി. ഇതിന് പിറകെ കൺവീനർ സ്ഥാനത്ത് നിന്ന് ഇപി പടിയിറങ്ങുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ഇപിയുടെ ആത്മകഥാ വിവാദം.
പാനൂര്‍ സ്‌ഫോടനം:
ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയിൽ പാനൂരിൽ ബോംബ് നിർമാണത്തിനിടെ ഉണ്ടായ സ്ഫോടനം സിപിഎമ്മിന് വലിയ ക്ഷീണമായിരുന്നു അന്നുണ്ടാക്കിയത്. ബോംബ് നിർമാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരു പ്രവർത്തകൻ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തത് പ്രതിപക്ഷ കക്ഷികൾ പ്രചാരണായുധമാക്കിയിരുന്നു.
നവകേരള സദസിലെ വിവാദമായ 'രക്ഷാപ്രവർത്തനം' ആരംഭിച്ചതും കണ്ണൂരിലെ പഴയങ്ങാടിയിൽ നിന്നായിരുന്നു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ പ്രതിസ്ഥാനത്താക്കിയ പ്രതിപക്ഷം സംസ്ഥാന വ്യാപകമായി സമരം നടത്തിയത് ഇതിന്‍റെ പേരിലാണ്.
എഡിഎമ്മിന്‍റെ ആത്മഹത്യ
എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിൽ പ്രതി സ്ഥാനത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പിപി ദിവ്യ വന്നതാണ് പാർട്ടി കഴിഞ്ഞ കാലത്ത് പെട്ട മറ്റൊരു കുരുക്ക്. അഴിമതിക്കെതിരെ ശബ്‌ദം ഉയര്‍ത്തിയതാണെന്ന പ്രതിരോധങ്ങളൊക്കെ തകർന്നടിഞ്ഞു.
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ദിവ്യക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കി. പാർട്ടി ജില്ലാ കമ്മിറ്റി ദിവ്യയെ പൂർണമായും തള്ളിപ്പറയാതിരുന്നപ്പോൾ പത്തനംതിട്ട ജില്ലാ കമ്മിറ്റി കടുത്ത നിലപാടെടുത്തത് പാർട്ടിയെ പ്രതിരോധത്തിലാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാർട്ടി നവീൻ ബാബുവിന്‍റെ കുടുംബത്തോടൊപ്പം ആണെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നിലപാട് പ്രഖ്യാപിച്ചു. എന്നാൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി ആകട്ടെ, ദിവ്യയെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തുകയും ചെയ്‌തു.
ദിവ്യക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. ഇതോടെയാണ് ദിവ്യക്ക് അനുകൂലമായി ഉണ്ടായിരുന്ന നീക്കങ്ങൾ നിലച്ചത്. ദിവ്യ ഒളിവിൽ പോയതും പിന്നീട് അറസ്‌റ്റിലായതും റിമാൻഡിൽ ആയതും എല്ലാം വലിയ ചർച്ചയുമായി.
ഒടുവിൽ ഉപതെരഞ്ഞെടുപ്പിന് മുമ്പ് ദിവ്യയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി പാർട്ടി നിലപാട് പരസ്യപ്പെടുത്തി. അതിന് ശേഷവും ദിവ്യയെ പൂർണമായും തള്ളി പറയാതെ ജില്ലാ സെക്രട്ടറിയുടെ പ്രസംഗം വന്നത് വീണ്ടും ചർച്ചകൾക്കും വ്യാഖ്യാനങ്ങൾക്കും വഴി തുറന്നു.
ആദ്യമായല്ല ആത്മകഥ
സിപിഎം നേതാവ് ഇപി ജയരാജന്‍റെ ആത്മകഥയ്ക്ക് മുമ്പ് സിപിഎം നേതാവ് പി ജയരാജന്‍റെ ആത്മകഥയിലെ പരാമര്‍ശം നിരവധി ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പിഡിപി നേതാവ് അബ്ദുള്‍ നാസർ മഅ്‌ദനിയെ പ്രതിപാദിച്ച ഭാഗമാണ് ചർച്ചകൾക്കും വിവാദങ്ങൾക്കും തിരികൊളുത്തിയത്.
ബാബറി മസ്‌ജിദ് തകർച്ചയ്ക്ക് ശേഷം മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ അബ്‌ദുൾ നാസർ മഅ്‌ദനിയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം നടത്തിയ പ്രഭാഷണ പര്യടനം തീവ്രവാദ ചിന്ത വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു എന്ന് പുസ്‌തകത്തില്‍ പറയുന്നു. അതിവൈകാരികമായ പ്രസംഗങ്ങളിലൂടെ ആളുകൾക്കിടയിൽ തീവ്ര ചിന്താഗതി വളർത്താൻ മഅ്‌ദനി ശ്രമിച്ചു എന്നും പി ജയരാജൻ പുസ്‌തകത്തിൽ പറഞ്ഞു.
ഈ ഘട്ടത്തിലാണ് സിപിഎമ്മിനും പിണറായി വിജയനുമടക്കം പിഡിപി പാര്‍ട്ടിയോടും മഅ്‌ദനിയോടുമുണ്ടായിരുന്ന അടുപ്പം ചര്‍ച്ചയായത്.
ഇപിയുടെ രണ്ടാം വിവാദം
കോലാഹലങ്ങൾ ഒന്നടങ്ങി എന്ന ഘട്ടത്തിലാണ് ഇപി ജയരാജന്‍റെ ആത്മകഥയുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉടലെടുത്തത്. താൻ എഴുതാത്ത, സമ്മതം ചോദിക്കാത്ത ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് പറയുന്നത് ക്രിമിനൽ കുറ്റമാണെന്ന് ഇപി ജയരാജൻ പറയുന്നുണ്ട്.
ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നും കാട്ടി ഇപി ഡിജിപിക്ക് പരാതി നൽകുകയും ചെയ്‌തു. ആത്മകഥ ഇതുവരെ എഴുതിത്തീരുകയോ പ്രസിദ്ധീകരിക്കുന്നതിനായി ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്‌തിട്ടില്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു. എങ്കിലും വിഷയത്തിൽ സംശയം ഇനിയും നീങ്ങിയിട്ടില്ല.
പാര്‍ട്ടിയെ വിടാതെ പിന്തുടരുന്ന വിവാദങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഏത് രീതിയില്‍ പ്രതഫലിക്കുമെന്ന് ആശങ്കയിലാണ് നേതാക്കളും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരും. ഏരിയാ സമ്മേളനങ്ങള്‍ കഴിഞ്ഞ് ജില്ലാ സമ്മേളനങ്ങളിലേക്ക് നീങ്ങുമ്പോള്‍ പാര്‍ട്ടിയിലെ വിമര്‍ശകര്‍ക്ക് ഇ പി യിലൂടെ ആയുധം കിട്ടുമെന്ന ഭയവും നേതൃത്വത്തിനുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു.
Also Read: 'ആത്മകഥയുടെ മറവില്‍ വ്യാജ രേഖകളുണ്ടാക്കി, അന്വേഷണം വേണം'; ഡിജിപിക്ക് പരാതി നൽകി ഇപി ജയരാജൻ