തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫെബ്രുവരി 10 ന് ചേരുന്ന എൽ ഡി എഫ് യോഗത്തിൽ മുന്നണിയിലെ സീറ്റ് വിഭജനം ഉൾപ്പെടെ ചർച്ചയാകുമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. മുന്നണി ധാരണ പ്രകാരം 15 സീറ്റിൽ സി പി ഐ (എം) നും 4 സീറ്റിൽ സി പി ഐയും ഒരു സീറ്റിൽ കേരള കോൺഗ്രസ് (എം) നുമാണ് സാധ്യത.
മുന്നണി യോഗത്തിന് മുൻപായി അതാത് പാർട്ടികളുടെ യോഗം ചേരും. തുടർന്ന് 10 ന് നടക്കുന്ന എൽ ഡി എഫ് യോഗത്തിന്‍റെ പ്രധാന അജണ്ട സീറ്റ് വിഭജനമാകും. ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള എൽ ഡി എഫ് സ്ഥാനാർത്ഥികളെ ഈ മാസം തന്നെ പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ വാർത്തകൾ പുറത്ത് വന്നിരുന്നു.
എന്നാൽ ഇതു സംബന്ധിച്ച് എൽ ഡി എഫ് കൺവീനർ തന്നെ പ്രസ്‌താവന നടത്തുന്നത് ഇതാദ്യമാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാർഥി ചർച്ചകൾ യു ഡി എഫിലും സജീവമാകുന്ന സാഹചര്യത്തിൽ ഫെബ്രുവരി അവസാനത്തോടെ തെരഞ്ഞെടുപ്പ് ചിത്രം സജീവമാകും. സംസ്ഥാന സർക്കാരിന്‍റെ ഇന്നത്തെ ബജറ്റ് സർവമേഖലകളെയും സ്‌പർശിക്കുന്നുവെന്നും ഇ പി ജയരാജൻ പറഞ്ഞു.
നവകേരള സദസിൽ ലഭിച്ച പരാതികൾ തീർക്കാൻ 1000 കോടി മാറ്റിവെച്ചു. 140 മണ്ഡലങ്ങളിലെയും പ്രശ്‌നം പരിഹരിക്കാൻ കഴിയും. ജനകീയ ബജറ്റ് ആണ് ഇന്ന് അവതരിപ്പിച്ചത്. കേരളത്തിന്‍റെ സർവ്വ മേഖലയും സ്‌പർശിച്ചു കൊണ്ടുള്ള ബജറ്റ്. ജനക്ഷേമകരവും ജന താൽപര്യവും സംരക്ഷിക്കുന്ന ബജറ്റ്. റബർ കർഷകർക്ക് ആശ്വാസകരമായ നടപടി.
കേരളത്തിൽ ഭവനരഹിതർക്ക് മുഴുവൻ വീട് നൽകുന്നു. വിദ്യാഭ്യാസ മേഖല കൂടുതൽ ശക്തിപ്പെടുത്താനാകും. സമഗ്ര മേഖലയിലും വികസന കാഴ്‌ചപാട് കാണാം. കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലയിലേത് കാലോചിതമായ തീരുമാനം. സംസ്ഥാനത്ത് പണമില്ല അത് കൊണ്ട് തന്നെ ഗുണകരമായ നിക്ഷേപം സ്വീകരിക്കുന്നതിൽ എന്താണ് തെറ്റ്.
നിക്ഷേപം എല്ലാം ഉപേക്ഷിച്ചു നിസഹായരായി നോക്കി നിൽക്കണം എന്നാണോ? വികസനം തടസപ്പെടുത്താനുള്ള ശ്രമം. പ്രതിപക്ഷത്തെ പോലെ ആരാഷ്ട്രീയരല്ല ഇടതു സർക്കാർ. സ്വീകരിക്കുന്ന പ്രവർത്തനങ്ങൾ രാഷ്ട്രീയപരമാണ്. ബജറ്റിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ആണ് പറഞ്ഞത്. പറഞ്ഞ കാര്യങ്ങൾ ചെയ്‌തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു ഇ പി ജയരാജൻ.