കോട്ടയം : പ്രവാസിയുടെ ക്ലബിനു മുന്നിൽ പ്രതിഷേധവുമായി പരിസ്ഥിതി സംഘടനകൾ. കോട്ടയം കടുത്തുരുത്തിയിലെ ഷാജി മോൻ്റെ ബ്രീസ ക്ലബ് എന്ന സ്ഥാപനത്തിന് മുന്നിലാണ് പ്രതിഷേധം നടന്നത്. ബ്രീസ ക്ലബിന്‍റെ മുൻവശത്തായി പുറമ്പോക്കിൽ നിന്നിരുന്ന പ്ലാവ് ഷാജി മോൻ രാസവസ്‌തു ഉപയോഗിച്ച് കരിച്ചുകളഞ്ഞെന്നാണ് കേരള പരിസ്ഥിതി നീതി സംരക്ഷണ സമിതിയുടെ ആരോപണം.
അതേസമയം തന്നെയും തന്‍റെ സ്ഥാപനത്തെയും കരിവാരി തേക്കാൻ കരുതിക്കൂട്ടി ചെയ്യുന്നതാണെന്ന് ബ്രീസ ഉടമ ഷാജിമോൻ പറഞ്ഞു. ഇതേ തുടർന്നുണ്ടായ തർക്കം സംഘർഷത്തിലേക്ക് നയിച്ചു. തുടർന്ന് പൊലീസെത്തിയാണ് ഇരുകൂട്ടരെയും അനുനയിപ്പിച്ചത്.
അടുത്തിടെയാണ് 25 കോടി രൂപ മുടക്കി ഷാജി മോൻ ബ്രീസ ക്ലബ് ആരംഭിച്ചത്. ക്ലബിന്‍റെ മുൻവശത്തായി ഉണ്ടായിരുന്ന വലിയ പ്ലാവ് പെട്ടെന്ന് കരിഞ്ഞുണങ്ങി പോകുകയായിരുന്നു. പ്ലാവ് രാസവസ്‌തു ഉപയോഗിച്ച് ഷാജി മോൻ നശിപ്പിച്ചതായാണ് പരിസ്ഥിതി സംഘടനകളുടെ പരാതി.
തുടർന്നാണ് സംഘടനയുടെ നേതൃത്വത്തിൽ ഉണങ്ങിയ മരത്തിനു മുന്നിലേക്ക് പ്രതിഷേധ മീറ്റിങ് സംഘടിപ്പിച്ചത്. ഇന്ന്(മെയ് 13) രാവിലെ 11 മണിക്ക് മാഞ്ഞൂർ ഗവൺമെന്‍റ് സ്‌കൂളിന് സമീപത്തുനിന്ന് പ്രകടനമായി മരച്ചുവട്ടിലെത്തുകയായിരുന്നു. എന്നാൽ വിഷയത്തിൽ തനിക്ക് പങ്കില്ലെന്ന് ക്ലബ് ഉടമ പരിസ്ഥിതി പ്രവർത്തകരെ ധരിപ്പിച്ചെങ്കിലും പിന്മാറിയില്ല. തുടർന്ന് സംഘർഷമുണ്ടാവുകയായിരുന്നു.
സംഘർഷത്തിനിടെ സ്ത്രീത്വത്തെ അപമാനിക്കാനും, തന്നെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചുവെന്ന് ആരോപിച്ച് ക്ലബ് ഉടമക്കെതിരെ സമരം ഉദ്ഘാടനം ചെയ്യാൻ എത്തിയ പ്രൊഫസർ കുസുമം ജോസഫ് പൊലിസിൽ പരാതി നൽകി.
Also Read: ഡ്രൈവിംഗ് ടെസ്‌റ്റ് സര്‍ക്കുലര്‍: തുഗ്‌ളക് പരിഷ്‌കരണമായി മാറിയെന്ന് എം വിൻസെന്‍റ്