എറണാകുളം : സിഎംആർഎൽ കമ്പനി ചെലവ് കണക്കുകൾ പെരുപ്പിച്ച് കാട്ടിയെന്ന് എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയിൽ. എക്‌സാലോജിക്കിന് നൽകിയ പണത്തിന്‍റെ സ്രോതസടക്കം വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും ഇഡി. മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ ജീവനക്കാർ നൽകിയ ഹർജിയിൽ തിങ്കളാഴ്‌ച വാദം തുടരും.
മാസപടി കേസിൽ ഇഡി ചോദ്യം ചെയ്‌ത് ബുദ്ധിമുട്ടിക്കുന്നു എന്ന് ആരോപിച്ച് സിഎംആർഎൽ ജീവനക്കാർ നൽകിയ ഹർജിയിലാണ് എക്‌സാലോജിക്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വിശദമായ അന്വേഷണം വേണമെന്ന കാര്യം ഇഡി ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. സിഎംആർ എൽ കമ്പനിയ്‌ക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു.
രഹസ്യ സ്വഭാവമുള്ളത് കൊണ്ട് പരാതിയുടെ വിശദാംശങ്ങൾ പുറത്ത് വിടാനാകില്ല. ഇസിഐആർ ആഭ്യന്തര രേഖയാണ്. അതിനാൽ റദ്ദാക്കാനാകില്ലെന്നും കൂടാതെ ഇസിഐആറിന്‍റെ പകർപ്പ് ഹർജിക്കാർക്ക് നൽകാനാകില്ലെന്നും ഇഡി കോടതിയെ അറിയിച്ചു. സിഎംആർഎൽ ജീവനക്കാരുടെ ഹർജി അപക്വമെന്ന് ആവർത്തിച്ച എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് കമ്പനി ചെലവുകൾ പെരുപ്പിച്ചു കാട്ടിയെന്നും വീണ വിജയന്‍റെ എക്‌സാലോജിക്കിന് നൽകിയ പണത്തിന്‍റെ സ്രോതസ് അടക്കം അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി.
മാസപ്പടി ഇടപാടിൽ എഫ്ഐആർ രജിസ്‌റ്റർ ചെയ്യാൻ തക്ക ക്രിമിനൽ കുറ്റങ്ങൾ കണ്ടെത്തിയതായി സംസ്ഥാന പൊലീസ് മേധാവിയെ അറിയിച്ചിരുന്നുവെന്നും ഇഡി നേരത്തെ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിരുന്നു. സിഎംആർഎൽ ജീവനക്കാരെ മുൻപ് ചോദ്യം ചെയ്‌തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചു വയ്ക്കണമെന്ന് കഴിഞ്ഞ തവണ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ ഇഡിയ്ക്ക് നിർദേശം നൽകിയിട്ടുമുണ്ട്.