തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിലേക്ക് 2016 മുതൽ 2023 വരെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നടത്തിയത് 68,816 താൽക്കാലിക നിയമനങ്ങളെന്ന് രേഖകൾ വ്യക്തമാക്കുന്നു (Employment exchange status). ഇതിൽ 31,087 നിയമനങ്ങളും നടന്നത് രണ്ടാം ഇടതുപക്ഷ സർക്കാരിന്‍റെ മൂന്ന് വർഷ കാലത്താണ്. നിലവിൽ സംസ്ഥാനത്തെ വിവിധ എംപ്ലോയിമെന്‍റ് എക്സ്ചേഞ്ചുകളിലായി 27,02,467 പേരാണ് തൊഴിലിനായി രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.
ഇതിൽ ബിരുദ തലത്തിന് താഴെ ഉള്ളവരാണ് കൂടുതൽ അപേക്ഷകരും. ജോലിയിൽ പ്രവേശിച്ചവർ ഭരണപക്ഷ പാർട്ടിയുടെ സ്വാധീനം ഉപയോഗിച്ച് തസ്‌തികകളിൽ വർഷങ്ങളോളം തുടരുന്നുവെന്നും ഇതുമൂലം യഥാർഥത്തിലുള്ള ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
കണക്കുകൾ ചുവടെ
- ബിരുദധാരികൾ - 4,18,955
- ബിരുദ തലത്തിന് താഴെ ഉള്ളവർ- 21,52,801
- ബിരുദാനന്തര ബിരുദം നേടിയവർ- 1,30,711
- മറ്റ് പ്രൊഫഷണൽ ഉദ്യോഗാർഥികൾ- 1,41,346
എട്ട് വർഷത്തിനിടെ 17,623 പേർക്കാണ് സർക്കാർ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി സ്ഥിര നിയമനം നൽകിയത്. 2016 മുതൽ 2021 വരെ 11,192 പേർക്കും രണ്ടാം ഇടതുപക്ഷത്തിന്‍റെ മൂന്ന് വർഷത്തിനിടെ 6,431 പേർക്കുമാണ് സ്ഥിര നിയമനം നൽകിയത്.