കണ്ണൂര്‍: ആറളം ഫാമില്‍ നിന്നും പുനരധിവാസ മേഖലയില്‍ നിന്നും കാടുകയറ്റിയ ആനകളെല്ലാം തിരിച്ചെത്തുന്നു. ഓപ്പറേഷന്‍ എലിഫൻ്റ് പദ്ധതി പ്രകാരം ദൗത്യസംഘം തുരത്തി കാടുകയറ്റിയ ആനകളെല്ലാം വീണ്ടും ആറളം ഫാമിലും പുനരധിവാസ കേന്ദ്രത്തിലും തിരിച്ചെത്തുകയാണ്. 37.9 കോടി രൂപ ചെലവില്‍ 10.5 കിലോമീറ്റര്‍ ദൂരത്തില്‍ ആനമതില്‍ പൂര്‍ത്തീകരിക്കുന്ന പദ്ധതിയുടെ കാര്യത്തില്‍ അനാസ്ഥ തുടരുകയാണ്.
ആനമതില്‍ പൂര്‍ത്തീകരിച്ചെങ്കില്‍ മാത്രമേ ആറളം മേഖലയിലും പ്രത്യേകിച്ച് പുനരധിവാസ മേഖലയിലെ ജനങ്ങള്‍ക്കും സ്വൈര്യമായി ഉറങ്ങാന്‍ കഴിയുകയുള്ളൂ. ആറളം ഫാമിലെ ഒന്ന് മുതല്‍ ആറ് വരെയുളള ബ്ലോക്കുകളില്‍ വൈദ്യുത വേലി സ്ഥാപിച്ചതിനാല്‍ ആനകള്‍ പ്രവേശിക്കുന്നില്ല. എന്നാല്‍ മറ്റുള്ള ബ്ലോക്കുകളിലെല്ലാം ആനകള്‍ കൂട്ടമായി എത്തുകയാണ്. ആറളം മേഖല തന്നെ ആനകള്‍ ലക്ഷ്യം വെക്കുന്നതിനാല്‍ വനപാലകര്‍ക്ക് ഉറക്കമില്ലാത്ത അവസ്ഥയാണ്.
ആനക്കൂട്ടങ്ങള്‍ പുനരധിവാസ മേഖലയിലെ ആദിവാസികള്‍ക്കും ഭീഷണി ഉയര്‍ത്തുകയാണ്. ആനക്കൂട്ടങ്ങളെ താളിപ്പാറ-കോട്ടപ്പാറ വഴി വന്യജീവി സങ്കേതത്തിലേക്ക് വിരട്ടിയോടിക്കല്‍ ഇപ്പോഴും തുടരുന്നുണ്ട്. എന്നാല്‍ ഇതു വഴി തന്നെ ആനകള്‍ തിരിച്ചെത്തുന്ന സാഹചര്യവും നിലനില്‍ക്കുകയാണ്. ആനമതില്‍ പൊളിഞ്ഞ സ്ഥലത്ത് കൂടി വിരട്ടിയോടിച്ച ആനകള്‍ക്ക് തിരിച്ചെത്താന്‍ കഴിയും.
വനംവകുപ്പിൻ്റെ അധീനതയിലുള്ള സ്ഥലത്ത് ആനമതില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്. സര്‍വേ നടത്തി പുനരധിവാസ മേഖലയോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്ത് മതില്‍ കെട്ടാനുളള പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ നിരന്തരം ആനശല്യം നേരിടേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്.