ഇടുക്കി : പീരുമേട്ടിൽ വീട്ട് മുറ്റത്തും കൃഷിയിടത്തിലുമായി കാട്ടാനകളുടെ താണ്ഡവം. കുട്ടിക്കാനം ഉണ്ണിക്കുഴിയിൽ സുനിൽ വർഗീസിൻ്റെ വീട്ടുമുറ്റത്തും കൃഷിയിടത്തിലുമാണ് കാട്ടാനകൾ വ്യാപക നാശം വിതച്ചത്. കാട്ടാനകൾ എത്തിയത് ശ്രദ്ധയിൽ പെട്ടതോടെ സുനിലും കുടുംബവും ഇവിടെ നിന്നും ബന്ധു വീട്ടിലേക്ക് ഓടി മാറുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സുനിലിൻ്റെ വീട്ടുമുറ്റത്തെത്തി വ്യാപക നാശനഷ്‌ടം വരുത്തിയ കാട്ടാനകൾ പുലർച്ചെ ആറ് മണിയോടെയാണ് മടങ്ങിയത്. കാട്ടാനകൾ എത്തിയ വിവരം സമീപവാസി ഫോൺ മുഖാന്തിരം വിളിച്ച് അറിയച്ചതോടെ കുടുംബം ഇവിടെ നിന്നും ബന്ധു വീട്ടിലേക്ക് ഓടി മാറുകയായിരുന്നു. വീട്ടുമുറ്റത്തെ തെങ്ങ്, വാഴ, പൂചെടികൾ എന്നിവയടക്കം ആന നശിപ്പിച്ചു.
കൂടാതെ കൃഷിയിടത്തിലെ വാഴകൾ, പന എന്നിവയും പിഴുത് ഭക്ഷിക്കുകയും ചെയ്‌തു. നായയെ പാർപ്പിച്ചിരുന്ന കൂടും വീടിന് ചുറ്റും നിർമ്മിച്ച കയ്യാലകളും തകർത്തു. ഇവിടെ നിന്ന് വീടു വിട്ടുപോകേണ്ട അവസ്ഥയാണ് നിലവിലെന്ന് സുനിൽ പറയുന്നു.
പീരുമേട്ടിലെ ഗോത്ര മേഖലയായ പ്ലാക്കത്തടത്തിലാണ് ആനകൾ ആദ്യം എത്തിയത്. തുടർന്ന് തോട്ടാപുര, കച്ചേരി കുന്ന്, സിവിൽ സ്‌റ്റേഷൻ, ഗസ്‌റ്റ് ഹൗസ്, കല്ലാർ മേഖലകളിൽ വ്യാപക കൃഷിനാശം വരുത്തിയതിനു ശേഷം തട്ടാത്തി കാനം കുട്ടിക്കാനം മേഖലകളിൽ എത്തുകയായിരുന്നു.
പീരുമേട് പഞ്ചായത്തിലെ 14, 15 വാർഡുകളിൽ ഇപ്പോൾ രണ്ടു കൊമ്പനും ഒരു പിടിയുമടങ്ങുന്ന സംഘമാണ് വിലസുന്നത് എന്ന് നാട്ടുകാർ പറയുന്നു. വനം വകുപ്പിൻ്റെ ഭാഗത്ത് നിന്ന് കാട്ടാനകളെ ഉൾകാട്ടിലേക്ക് തുരത്താൻ ഉള്ള നടപടികൾ ഒന്നും ഫലവത്താകുന്നുമില്ല. കാട്ടാനശല്യം രൂക്ഷമായതോടെ സ്വത്ത് വകകൾ എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ട ഗതികേടിലായിരിക്കുകയാണെന്നാണ് ഇവിടുത്തെ നാട്ടുകാർ പറയുന്നത്.