കാസർകോട് : തുണിക്കടയിൽ ഇ-സിഗരറ്റ് വില്‍പ്പന നടത്തിയ രണ്ടുപേർ പിടിയിൽ. ഷിരിയ സ്വദേശി ബി.എം.മൂസ ഖലീൽ, ഉപ്പള സ്വദേശി അബൂബക്കർ ജംഷിദ് എന്നിവരാണ് പിടിയിലായത്. ബന്തിയോട് തുണിക്കടയുടെ മറവിൽ ഇ–സിഗരറ്റ് വിൽപന നടത്തുകയായിരുന്ന ഇവരെ കുമ്പള സിഐ പി.കെ.വിനോദ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്‌തത്.
നിക്കോട്ടിൻ കണ്ടന്‍റ് അടങ്ങിയ 4 ഇ–സിഗരറ്റും 3 മൊബൈൽ ഫോണുകളുമാണ് പ്രതികളിൽ നിന്ന് പിടികൂടിയത്. ഫോണിലൂടെയാണ് പ്രതികൾ ആവശ്യക്കാരെ കണ്ടെത്തുന്നത്. ഡിവൈഎസ്‌പി സി.കെ.സുനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് കടയിൽ പരിശോധന നടത്തിയത്.
വിവരത്തെ തുടർന്നു പൊലീസ് ഒരാഴ്‌ചയിലേറെ നിരീക്ഷിക്കുകയായിരുന്നു. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇവിടെ വസ്ത്രങ്ങൾ വാങ്ങാതെ തിരിച്ചു പോകുന്നത് പതിവായിരുന്നു. ഇതു തിരിച്ചറിഞ്ഞാണ് പരിശോധന നടത്തിയത്.
ഇ-സിഗരറ്റുകളുടെ നിര്‍മ്മാണവും ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ചിട്ടുണ്ടെങ്കിലും കരിഞ്ചന്തയില്‍ ഈ ഉത്‌പന്നങ്ങള്‍ ലഭ്യമാകുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. പുകയിലയ്‌ക്ക് പകരം അല്‍പം കൂടി സുരക്ഷിതമായ ഒന്നെന്ന ധാരണയില്‍ പലരും ആശ്രയിക്കുന്ന ഒന്നാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇ-സിഗരറ്റ്. നിക്കോട്ടീനും പ്രോപ്പിലീന്‍ ഗ്ലൈക്കോളും ഫ്‌ളേവറുകളും ചില രാസവസ്‌തുക്കളും ചേര്‍ന്ന ദ്രവരൂപത്തിലുള്ള മിശ്രിതമാണ് ഇ-സിഗരറ്റിലുള്ളത്.
ഇവ ചൂടാകുമ്പോള്‍ ഉണ്ടാകുന്ന നീരാവിയാണ് വേപ്പര്‍മാര്‍ ശ്വാസകോശത്തിലേക്ക് എടുക്കുന്നത്. എന്നാല്‍ സിഗരറ്റ് വലി പോലെ തന്നെ ഒട്ടും സുരക്ഷിതമല്ല ഇ-സിഗരറ്റുകളെന്നും ഇവ ഹൃദയസ്‌തംഭനത്തിനുള്ള സാധ്യത 19 ശതമാനം വര്‍ധിപ്പിക്കുന്നതായും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.