തിരുവനന്തപുരം : ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിൽ മൂന്ന് മണിക്കൂർ വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി. ആരോഗ്യ വിഭാഗം സാങ്കേതിക സമിതി പരിശോധന നടത്തുന്ന ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ഇന്നലെ (സെപ്റ്റംബർ 29) രാത്രി 7 മണിയോടെയാണ് എസ്എടി ആശുപത്രി വളപ്പിലെ ട്രാൻസ്‌ഫോർമറിലെ തകരാറിനെ തുടർന്ന് വൈദ്യുതി നിലച്ചത്. അത്യാഹിത വിഭാഗത്തിന്‍റെ ഉൾപ്പെടെ പ്രവർത്തനം തടസപ്പെട്ടു.
മെബൈൽ ടോർച്ച് വെളിച്ചത്തിൽ അടിയന്തര ചികിത്സകൾ വരെ നൽകേണ്ട സ്ഥിതി വന്നതോടെ രോഗികളും കൂട്ടിരിപ്പുകാരും പ്രതിഷേധിച്ചു. പ്രദേശത്തെ ബിജെപി പ്രവർത്തകരും സ്ഥലത്ത് മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. രാത്രി 10 മണിയോടെയാണ് കെഎസ്ഇബി സംഘമെത്തി അറ്റകുറ്റ പണികൾ ആരംഭിച്ചത്.
പണി തുടങ്ങിയെങ്കിലും പ്രതിഷേധക്കാർ ബഹളം തുടർന്നു. മെഡിക്കൽ കോളജ് പൊലീസുമായി വാക്കേറ്റവുമുണ്ടായി. ഡെപ്യൂട്ടി മേയർ പി കെ രാജു ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയെങ്കിലും പ്രതിഷേധാക്കാര്‍ ബഹളം തുടർന്നു. വൈദ്യുതി ബന്ധം പുനസ്ഥാപിച്ചതിന് ശേഷവും പ്രതിഷേധം തുടർന്നു.