കോഴിക്കോട് : ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം ചൂട് പിടിച്ച് കൊണ്ടിരിക്കുമ്പോൾ കൊയിലാണ്ടിയിൽ ചർച്ച പഴയ ചിഹ്നത്തെ കുറിച്ചാണ്. ഒരു പശുവും കുട്ടിയും. 1970 മുതൽ 77 വരെയും 77 മുതൽ 1980 വരെയും കൊയിലാണ്ടിയുടെ എംഎൽഎ ആയിരുന്ന ഇ നാരായണൻ നായർ മത്സരിച്ചത് ഈ ചിഹ്നത്തിലായിരുന്നു.
അരനൂറ്റാണ്ട് പിന്നിട്ടിട്ടും മായാത്ത ചിഹ്നം പുതിയ വോട്ടർമാർക്കും ഒരു പുത്തൻ കാഴ്‌ചയാണ്. കൊയിലാണ്ടി ഹാർബർ റോഡിലാണ് ഈ കടയും ചിഹ്നവും ഉള്ളത്. ഇടം വലം നോക്കാതെ ഓട് മേഞ്ഞ കടയ്‌ക്ക് മുകളിൽ കയറി ചിഹ്നം വരച്ചതൊക്കെ ഇന്ന് കേൾക്കാൻ രസമുള്ള കാര്യങ്ങളാണ്.
70ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നാരായണൻ നായർ 3,637 വോട്ടിനും 77ൽ 4,507 വോട്ടിനുമാണ് വിജയിച്ചത്. റോഡ് വികസനത്തിന്‍റെ ഭാഗമായും മറ്റും പഴയ കെട്ടിടങ്ങളെല്ലാം നിലം പൊത്തുമ്പോൾ ഒരുപാട് ഓർമകളാണ് മണ്ണടിയുന്നത്. എന്നാൽ കാലം ഏറെ കഴിഞ്ഞിട്ടും ഈ 'പശുവും കുട്ടിയും' ഇന്നും ഒരു തെരഞ്ഞെടുപ്പോർമയാണ്. ഇനിയും കാലങ്ങളോളം ഈ ഓര്‍മകള്‍ ഒളിമങ്ങാതെ നിലകൊള്ളട്ടെ.