ഇടുക്കി : ജില്ലയിലെ കേരള - തമിഴ്‌നാട് അതിർത്തി മേഖലകളിൽ ഇലക്‌ടറൽ ഫ്ലയിങ് സ്‌ക്വാഡിനെ നിയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. കേരളത്തിൽ നിന്നടക്കം എത്തുന്ന വാഹനങ്ങളിൽ ശക്തമായ പരിശോധനയാണ് സംഘം നടത്തുന്നത്. വാഹനങ്ങളിൽ 360 ഡിഗ്രിയിൽ തിരിയാൻ സാധിക്കുന്ന കാമറകളും പരിശോധയ്‌ക്കായി ഘടിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന.
ഇടുക്കി ജില്ലയുമായി അതിർത്തി പങ്കിടുന്ന തേനി ജില്ലയിലെ കമ്പം - കമ്പംമെട്ട് പാത, കുമളി - കമ്പം പാത, ബോഡി - കമ്പം പാത എന്നിവിടങ്ങളിലാണ് പരിശോധന ശക്തമാക്കിയിട്ടുള്ളത്. രേഖയില്ലാത്ത പണം, തെരഞ്ഞെടുപ്പ് വസ്‌തുക്കൾ തുടങ്ങിയവയുമായി എത്തുന്നവരെ പിടികൂടുകയാണ് ലക്ഷ്യം. കേരളത്തിൽ നിന്നും എത്തുന്ന വാഹനങ്ങൾ അടക്കം പൂർണമായും പരിശോധിച്ച ശേഷമാണ് വിട്ടയക്കുന്നത്.
പെരിയകുളം, കമ്പം, ആണ്ടിപ്പട്ടി, ബോഡി നിയോജക മണ്ഡലങ്ങളിലും ശക്തമായ പരിശോധന നടത്തുന്നുണ്ട്. രാവിലെ 6 മുതൽ ഉച്ചയ്‌ക്ക് 2 വരെ ഒരു ടീമിനെയും ഉച്ചയ്‌ക്ക് 2 മുതൽ മറ്റൊരു ടീമിനെയുമാണ് വിന്യസിച്ചിരിക്കുന്നത്. കൂടാതെ രാത്രി 10 വരെ മറ്റൊരു സംഘവും പ്രവർത്തിക്കുന്നുണ്ട്. അതിർത്തി ജില്ലയായതിനാൽ ഇരു സംസ്ഥാനങ്ങളുടെയും ചെക്ക്‌പോസ്റ്റുകളിൽ പൊലീസും ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്.