കോഴിക്കോട്: പൊതു തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി രൂപവത്കരിച്ച ഫ്ലൈയിങ് സ്‌റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ വാഹന പരിശോധന നടത്തി ഇതുവരെ പിടിച്ചെടുത്തത് 66,23,320 രൂപ. പിടിച്ചെടുത്ത മുഴുവൻ തുകയും അപ്പീല്‍ കമ്മിറ്റിക്ക് കൈമാറി. അനധികൃത പണമൊഴുക്ക് തടയുക എന്ന ലക്ഷ്യത്തോടെ പതിമൂന്ന് നിയോജക മണ്ഡലങ്ങളില്‍ നിലവിലുള്ളത് കൂടാതെ അഞ്ച് വീതം സ്‌റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചതായി എക്‌സ്പെന്‍ഡിച്ചര്‍ നോഡല്‍ ഓഫിസര്‍ അറിയിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനായി ആയുധ ലൈസന്‍സികള്‍ ആയുധങ്ങള്‍ സറണ്ടർ ചെയ്യുകയും വേണം. ഇതിനായി സ്‌ക്രീനിങ് കമ്മിറ്റി കൂടുകയും സറണ്ടര്‍ ചെയ്യുന്നതില്‍ നിന്നും ഇളവ് നല്‍കുന്നതിനായി ലഭിച്ച അപേക്ഷകള്‍ പരിഗണിച്ച് അര്‍ഹതയുള്ളവര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ ജില്ലക്ക് പുറത്തുനിന്നും ആയുധ ലൈസന്‍സ് അനുവദിക്കുകയും അതനുസരിച്ച് ആയുധം കൈവശം വെച്ചുവരുന്നതുമായ എല്ലാ ആയുധ ലൈസന്‍സ് ഉടമകളും ആയുധം അതത് പൊലീസ് സ്റ്റേഷനില്‍ അടിയന്തരമായി സറണ്ടര്‍ ചെയ്യണമെന്ന് അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റ് അറിയിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം ലൈസന്‍സ് റദ്ദ് ചെയ്യുന്നതും ലൈസന്‍സിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതുമായിരിക്കും.
ജില്ലയിലെ സ്ഥാനാര്‍ഥികള്‍ക്കും ഏജന്‍റുമാര്‍ക്കും തെരഞ്ഞെടുപ്പ് കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിന് നേരത്തെ തന്നെ ജില്ല കളക്‌ടറേറ്റില്‍ പരിശീലനം നല്‍കിയിരുന്നു. ഹെഡ്ക്വാര്‍ട്ടേഴ്‌സ് അസിസ്‌റ്റന്‍റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ ഗിരീശന്‍ പാറപ്പൊയില്‍ ആണ് നേതൃത്വം നല്‍കിയത്. ഈ മാസം 12, 19, 24 തീയതികളില്‍ സ്ഥാനാര്‍ഥികളുടെ ചെലവു കണക്കുകള്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്‍ കണ്ടെത്തിയ ചെലവു കണക്കുകളുമായി താരതമ്യം ചെയ്‌ത് പരിശോധനക്ക് വിധേയമാക്കുമെന്ന് ഇലക്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ് സെല്‍ നോഡല്‍ ഓഫിസര്‍ അറിയിച്ചു.
Also Read: മതിയായ രേഖകളില്ല, ഇടുക്കിയില്‍ ഫ്‌ളയിങ് സ്ക്വാഡ് പിടിച്ചെടുത്തത് 20 ലക്ഷം രൂപ