കോഴിക്കോട്: എലത്തൂരിലെ ഇന്ധന ചോർച്ചയിൽ ഗുരുതര ആരോപണവുമായി ജില്ലാ കളക്‌ടർ. എച്ച്പിസിഎല്ലിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്‌ചയെന്ന് കളക്‌ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു. പെട്രോളിയം കമ്പനിയുടെ മെക്കാനിക്കൽ, ഇലക്‌ട്രോണിക്‌സ് വിഭാഗങ്ങൾ ഇന്ധനമൊഴുക്ക് തടയുന്നതിൽ പരാജയപ്പെട്ടെന്നും കളക്‌ടർ ചൂണ്ടിക്കാട്ടി.
ഇന്ധന ചോർച്ചയുടെ വ്യാപ്‌തി ചെറുതല്ല, ദൂര വ്യാപകമായ പ്രശ്‌നമാണ് ഉണ്ടായത്. മലിനമായ ജലാശയങ്ങൾ എത്രയും വേഗം ശുദ്ധീകരിക്കുമെന്നും കളക്‌ടർ ഉറപ്പു നൽകി. ടാങ്കിലെ ഇന്ധനം കവിഞ്ഞൊഴുകിയതാണ് ഡീസൽ പുറത്തേക്കൊഴുകാൻ കാരണമെന്നാണ് എച്ച്പിസിഎൽ അധികൃതർ നൽകിയ റിപ്പോർട്ട്. ഇത് തള്ളിയ കളക്‌ടർ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സംഭരണികൾ അടക്കം പരിശോധിച്ച് യഥാർത്ഥ കാരണം കണ്ടെത്തി റിപ്പോർട്ട് നൽകാനും കളക്‌ടർ ആവശ്യപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എച്ച്പിസിഎല്ലിനെതിരെ ഫാക്‌ടറീസ് ആക്‌ടിൽ കേസ് രജിസ്‌റ്റർ ചെയ്‌തു. ഇലക്‌ട്രോണിക് സംവിധാനം ആയതിനാൽ ആളുകൾക്ക് അറിയാൻ പറ്റില്ല. സെൻസർ സംവിധാനം തകരാറിലായതാണ് പ്രശ്‌നത്തിന് കാരണം. മെക്കാനിക്കൽ സംവിധാനത്തിലും തകരാർ വന്നു. എവിടെയാണ് തെറ്റ് സംഭവിച്ചതെന്ന് കണ്ടെത്തണം. ഏതൊക്കെ നിയമങ്ങൾ ലംഘിക്കപ്പെട്ടു എന്ന് പരിശോധിക്കും.
HPCL തന്നെ എല്ലാ ജലസ്രോതസും ശുചീകരിക്കണം. ഇന്ന് രാത്രി തന്നെ അതിൻ്റെ നടപടി തുടങ്ങും. അതിനാവശ്യമായ കെമിക്കൽ മുംബൈയിൽ നിന്ന് കൊണ്ടു വരുന്നുണ്ട്. മണ്ണ് മാറ്റി ശുദ്ധീകരിക്കേണ്ടി വരും. സംഭവം അതീവ ഗൗരവതരമാണ്. മത്സ്യങ്ങൾ ചത്തിട്ടുണ്ട്. 1500 ലിറ്റർ ഡീസൽ ചോർന്നു എന്നാണ് എച്ച്പിസിഎൽ പറഞ്ഞത്. ഒരു കിലോമീറ്ററോളം ദൂരത്തിൽ ഡീസൽ വെള്ളത്തിലേക്ക് പടർന്നിട്ടുണ്ട്. ആരോഗ്യ വകുപ്പ് ചികിത്സ സഹായം ലഭ്യമാക്കും. ഈ വിഷയത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് തുടർനടപടി സ്വീകരിക്കും. സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും ജില്ലാ കളക്‌ടർ വിശദീകരിച്ചു.
Also Read: പെട്രോളിയം സംഭരണിയിലെ ഇന്ധനചോർച്ച; പരിഹരിക്കാനാകാതെ എച്ച്പിസിഎൽ, ആശങ്കയിൽ നാട്ടുകാർ