കോഴിക്കോട്: സംസ്ഥാനത്ത് ചെറിയ പെരുന്നാൾ നാളെ. പൊന്നാനിയിൽ മാസപ്പിറവി കണ്ട സാഹചര്യത്തിൽ നാളെ ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ ) ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. പാണക്കാട് സാദിഖലി തങ്ങൾ, കാന്തപുരം അബൂബക്കർ മുസ്‌ലിയാർ തുടങ്ങി വിവിധ നേതാക്കളും പെരുന്നാൾ ആശംസകൾ നേർന്നു. ഇതോടെ ഒരു മാസം നീണ്ട വ്രതാനുഷ്‌ഠാനങ്ങൾക്ക് ശേഷം വിശ്വാസി സമൂഹം ആഘോഷത്തിലേക്ക് കടക്കുകയാണ്. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് പള്ളികളിൽ പ്രത്യേക പ്രാര്‍ത്ഥനകൾ നടക്കും.
ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതായി വിശ്വാസ യോഗ്യമായ വിവരം ലഭിച്ചതിനാല്‍ ബുധനാഴ്‌ച (10-04-2024) ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചന്തിരൂര്‍ വി എം അബ്‌ദുല്ലാ മൗലവിയുടെ അധ്യക്ഷതയില്‍ മണക്കാട് വലിയ പളളി ജുമാ മസ്‌ജിദില്‍ നടന്ന ഇമാമുമാരുടെയും മഹല്ലു ഭാരവാഹികളുടെയും സംയുക്ത യോഗവും പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഈദ് ആശംസ
ത്യാഗത്തിന്‍റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള വ്രതാനുഷ്‌ഠാനം അവസാനിപ്പിച്ച് നാട് ഈദ് ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. ചുറ്റുമുള്ളവരുടെ വേദനകളും ദുഖങ്ങളുമറിയാനും അവയിൽ പങ്കുചേരാനും നോമ്പുകാലം നമ്മെ പഠിപ്പിക്കുന്നു. ഈ ശ്രേഷ്‌ഠമായ ആശയങ്ങളെ നെഞ്ചോട് ചേർത്തും അവയെ ശാക്തീകരിച്ചും നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാം.
വിവിധ വിഭാഗങ്ങളിൽപ്പെട്ട മനുഷ്യർ സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്ന നാടാണ് നമ്മുടേത്. വർഗീയ വിഷം ചീറ്റിക്കൊണ്ട് ഈ ഐക്യത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്ന പിന്തിരിപ്പൻ ശക്തികളെ കരുതിയിരിക്കണം. ഈ പ്രതിലോമ ശ്രമങ്ങളെ ഒരുമയോടെ, ശക്തിയോടെ തുറന്ന് എതിർക്കേണ്ടതുണ്ട്. ചെറിയ പെരുന്നാൾ ആഘോഷങ്ങൾ ഉന്നതമായ സാഹോദര്യത്തിന്‍റെ പ്രതിഫലനമാകട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ.