വിശുദ്ധ റമദാന്‍ വിടപറയുന്നു, പ്രതീക്ഷയുടെ കിരണവുമായി ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) സമാഗതമായി. മനസും ശരീരവും സൃഷ്‌ടാവിന്‍റെ പ്രീതിക്കായി സമര്‍പ്പിച്ച മുപ്പത് ദിവസങ്ങള്‍ക്ക് ശേഷം വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. ഒരു മാസത്തെ വ്രതാനുഷ്‌ഠാനത്തിന്‍റെ വിജയകരമായ വിളംബരം കൂടിയാണ് പെരുന്നാൾ ആഘോഷം.
ഇച്ഛകളെ അതിജീവിച്ച്, വാക്കിലും നോക്കിലും പ്രലോഭനങ്ങളെ തോൽപ്പിച്ചവർക്ക് സന്തോഷിക്കാനുള്ള അവസരവും. മസ്‌ജിദുകളില്‍ ഈദ് ഗാഹുകളും പ്രത്യേക പ്രാര്‍ഥനകളും നടക്കും. പുത്തന്‍ വസ്‌ത്രങ്ങൾ ധരിച്ചും, പെരുന്നാൾ നമസ്ക്കാരത്തിൽ പങ്കെടുത്തും, പരസ്‌പരം ഈദ് ആശംസകൾ നേർന്നും, പ്രയാസമനുഭവിക്കുന്നവർക്ക് സഹായം നൽകിയും, സുഭിക്ഷമായ ഭക്ഷണമൊരുക്കിയുമാണ് വിശ്വാസികൾ ഈദ് ആഘോഷത്തെ സമ്പന്നമാക്കുന്നത്.
ഈദിന്‍റെ ഭാഗമായുള്ള നിർബന്ധ ദാനമായ ഫിത്തർ സക്കാത്ത് വിതരണം വിശ്വാസികൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ആഘോഷ വേളയിൽ എല്ലാവരും സുഭിക്ഷരായിരിക്കണം എന്ന ഉദ്ദേശമാണ് ഫിത്വർ സക്കാത്ത് വിതരണത്തിനുള്ളത്. റമദാന്‍ മാസത്തില്‍ നിന്ന് ആര്‍ജിച്ചെടുത്ത ചൈതന്യം അടുത്ത പതിനൊന്ന് മാസവും നിലനിര്‍ത്തുകയാണ് ഓരോ വിശ്വാസിയുടെയും ഇനിയുള്ള ബാധ്യത.