ഇടുക്കി: നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന മലയോര ഹൈവേയിലൂടെയുള്ള യാത്ര അതികഠിനമായിരിക്കുകയാണ്. ടാറിങ് നിർമാണം നടക്കാത്ത മേഖലകളിൽ പൊടി ഉയർന്നുപൊങ്ങുന്നതാണ് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നത്. നിർമ്മാണ പ്രവർത്തകർ യഥാസമയം വെള്ളം ഒഴിക്കാത്തതാണ് പൊടി ഉയരാൻ കാരണം.
കട്ടപ്പന മുതൽ ചപ്പാത്ത് വരെയുള്ള മലയോര ഹൈവേയുടെ നിർമ്മാണം നിലവിൽ അവസാനഘട്ടത്തിലാണ്. ഇവിടെ ചിലയിടങ്ങളില്‍ ടാറിങ് പ്രവർത്തനങ്ങള്‍ നടന്നു. മറ്റിടങ്ങളില്‍ ഇപ്പോഴും ടാറിങ് നടന്നിട്ടില്ല.
കൃത്യമായ ഇടവേളകളില്‍ പണി നടക്കുന്ന സ്ഥലങ്ങളില്‍ വെള്ളം ഒഴിക്കാത്തതാണ് പൊടി ഉയർന്ന് പൊങ്ങാൻ പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഒപ്പം ശക്തമായ വെയിൽ അനുഭവപ്പെടുന്നതുകൊണ്ടുതന്നെ പൊടിയുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. വാഹന യാത്രക്കാർക്ക് മാത്രമല്ല സമീപത്തെ കടകള്‍ക്കും പൊടി ശല്യം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
മുൻപ് സമാനമായ രീതിയിൽ പൊടി ഉയർന്നതോടെ കൃത്യമായി വെള്ളം ഒഴിക്കണമെന്ന് ജില്ല നേതൃത്വം അടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർമ്മാണ പ്രവർത്തകർ ആദ്യം ഇക്കാര്യം പാലിച്ചെങ്കിലും പിന്നീട് പൊടിയുള്ള ഭാഗങ്ങളിൽ വെള്ളം നനയ്ക്കാൻ കൃത്യത കാണിച്ചില്ല. ഇതോടെ വലിയ തോതിലുള്ള പൊടിപടലങ്ങളിലൂടെയാണ് ആളുകൾക്ക് യാത്ര ചെയ്യുന്നത്.
ഇത് യാത്രക്കാരെയും വലിയ ദുരിതത്തിലാണ് കൊണ്ടെത്തിക്കുന്നത്. അധികൃതർ ശ്രദ്ധ ചെലുത്തി പൊടി ഉയരുന്ന ഭാഗങ്ങളിൽ കൃത്യമായി വെള്ളം നനയ്ക്കണമെന്ന ആവശ്യവും ഇപ്പോള്‍ ശക്തമാണ്.