തിരുവനന്തപുരം : അർധരാത്രി പൊലീസിനും നാട്ടുകാർക്കും തലവേദനയായി വാഹനാപടത്തിൽപ്പെട്ട യുവാവ്. വട്ടപ്പാറയിലെ മരുതൂർ ജങ്‌ഷനിൽ വെള്ളിയാഴ്‌ച (മെയ് 10) രാത്രി 11 മണിയോടെയാണ് സംഭവം. നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി അനന്ദു കൃഷ്‌ണയാണ് അപകടത്തിൽപ്പെട്ടത്.
പിന്നിൽ കാർ വന്നിടിച്ച് നിർത്താതെ പോകുകയായിരുന്നു. അപകടം നടന്നയുടൻ അനന്ദുവിനെ നാട്ടുകാർ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ തയാറായില്ല. ശരീരത്തിൽ നിന്നും രക്തം വാർന്ന് പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഉടൻ മണ്ണന്തല പൊലീസിൽ വിവരമറിയിച്ചു.
പൊലീസ് സംഘം 108 ആംബുലൻസുമായി സ്ഥലത്ത് എത്തിയെങ്കിലും അമ്മയും അച്ഛനും വരാതെ എങ്ങോട്ടുമില്ലെന്ന് അനന്ദു തീർത്തു പറയുകയായിരുന്നു. ഇതോടെ പൊലീസും നാട്ടുകാരും വെട്ടിലായി. ബലം പ്രയോഗിച്ച് ആംബുലൻസിലെ ബെഡിൽ കയറ്റാൻ നോക്കിയെങ്കിലും അനന്ദു ആംബുലൻസിൽ നിന്നും രണ്ട് തവണ പുറത്ത് ചാടി.
പൊലീസ് എന്നെ ഒരു കാര്യവുമില്ലാതെ പിടിച്ചു കൊണ്ടു പോകുന്നുവെന്ന് ഇതിനിടെ അനന്ദു തന്നെ വീട്ടിൽ വിളിച്ചു പറഞ്ഞു. തുടർന്ന് തിരക്കേറിയ റോഡിലൂടെ മരുതൂരിൽ നിന്നും വട്ടപ്പാറയിലേക്ക് നടന്നു. ഇതിനിടെ അടിയന്തര ചികിത്സ വേണ്ട മറ്റൊരു രോഗിക്ക് വേണ്ടി ആംബുലൻസ് മടങ്ങുകയും ചെയ്‌തു.
തിരക്കേറിയ റോഡിലൂടെ നടന്ന അനന്ദുവിനെ പൊലീസും നാട്ടുകാരും അടങ്ങിയ സംഘം പിന്തുടർന്നെങ്കിലും ഇയാം ഒപ്പം ചെല്ലാൻ തയാറായില്ല. നിർബന്ധിച്ചതോടെ അസഭ്യ വർഷവും ആരംഭിച്ചു. ഇതോടെ നാട്ടുകാരും പൊലീസും ബലമായി പിടിച്ച് ഓട്ടോറിക്ഷയിൽ കയറ്റി വട്ടപ്പാറ പൾസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ അനന്ദുവിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.