കോഴിക്കോട് : കോടഞ്ചേരിയിൽ മദ്യലഹരിയിൽ രക്ഷിതാക്കൾ മറന്ന് റോഡിലിട്ട് പോയ കുഞ്ഞിന് രക്ഷയായത് വ്യാപാരികളും പൊലീസും. അർധരാത്രിയായതോടെ വിജനമായ അങ്ങാടിയിൽ അലയുകയായിരുന്ന കുട്ടിയെക്കുറിച്ച് വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി സുരക്ഷിതമായി വീട്ടിലെത്തിക്കുകയായിരുന്നു. തെയ്യപ്പാറ സ്വദേശികളായ യുവാവും യുവതിയും മദ്യലഹരിയിൽ വൈകുന്നേരം മുതൽ കുട്ടിയോടൊപ്പം കോടഞ്ചേരി അങ്ങാടിയിൽ നടക്കുന്നത് നാട്ടുകാരുടെയും കച്ചവടക്കാരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു.
കൂടാതെ കുട്ടിയെ കടത്തിണ്ണയിലിരുത്തി പരസ്‌പരം കലഹിക്കുകയും അസഭ്യം പറയുകയും ചെയ്‌തു. ഇരുവരും മദ്യലഹരിയിൽ ആയതുകൊണ്ട് തന്നെ നാട്ടുകാരും കച്ചവടക്കാരും അത്ര കാര്യമാക്കിയില്ല. രാത്രി ഏറെ വൈകി യുവാവും യുവതിയും മടങ്ങിപ്പോയി. ഇതിനിടെ രാത്രി 11മണിയോടെ കടയടച്ച് പോവുകയായിരുന്ന ഒരു കച്ചവടക്കാരൻ അങ്ങാടിയിൽ അലഞ്ഞുതിരിയുന്ന കുഞ്ഞിനെ കണ്ട് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു.
കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആദ്യം ആശുപത്രിയിലെത്തിച്ച് പരിശോധനക്ക് വിധേയമാക്കി. തുടർന്ന് സുരക്ഷിതമായി വീട്ടിലെത്തിച്ചു. യുവതിയെ പെട്രോളൊഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ യുവാവിനെതിരെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കേസെടുത്തിരുന്നു. അതിനിടയിലാണ് കോടഞ്ചേരി അങ്ങാടിയിൽ കുട്ടിയെ മറന്നുവച്ച സംഭവം കൂടി ഉണ്ടായത്.