ആലപ്പുഴ : കായംകുളത്ത് യുവാക്കൾക്ക് വിവിധ തരം മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘം പൊലീസിന്‍റെ പിടിയിലായി. കണ്ണൻ രാജു (26), സൂര്യ നാരായണൻ (22), അൽത്താഫ് (25), അമീൻ (24), അഖിൽ (21), ഷിനാസ് (23) എന്നിവരാണ് കായംകുളം പൊലീസിൻ്റെ പിടിയിലായത്. സർക്കാർ ചെലവിൽ ഹൃദയം മാറ്റി വയ്‌ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ സൂര്യ നാരായണൻ്റെ വീട് കേന്ദ്രീകരിച്ചാണ് ഇവര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്.
കുപ്രസിദ്ധ ഗുണ്ടയും ഈ കേസിലെ രണ്ടാം പ്രതിയുമാണ് സൂര്യ നാരായണൻ. ഇയാളുടെ കൊല്ലകയിൽ വീടിന് പുറകുവശത്ത് സംഘം കൂട്ടം ചേർന്ന് മയക്കുമരുന്ന് ഉപയോഗിക്കവേയാണ് പൊലീസിൻ്റെ പിടിയിലായത്. സൂര്യ നാരായണൻ നടത്തി വരുന്ന ചീനിക്കച്ചവടത്തിന്‍റെ മറവില്‍ സംഘം മയക്കുമരുന്ന് വിപണനവും ഗുണ്ടാ പ്രവർത്തനവും നടത്തിവന്നിരുന്നതായി പൊലീസ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സൂര്യ നാരായണനും അൽത്താഫും അമീനും കൊലപാതക ശ്രമം ഉൾപ്പടെയുള്ള കേസുകളില്‍ പ്രതികളാണ്. സംഘത്തില്‍ നിന്നും 6 ഗ്രാം ചരസ് എന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. കായംകുളം, ചേരാവള്ളി, പുള്ളിക്കണക്ക് തുടങ്ങിയ പ്രദേശങ്ങളിലെ യുവാക്കൾക്ക് മയക്കുമരുന്ന് വിപണനം നടത്തി ഇവരുടെ സംഘത്തിൽ ചേർക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.
Also Read: പൊലീസിന് പണി പാളി, 'കുറുവ'യല്ല, ഇവർ കളറടിക്കുന്നവർ; കാസർകോട്ടെ സംഭവം ഇങ്ങനെ