തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്‍റെ ഡ്രൈവിങ് ലൈസൻസ് ടെസ്‌റ്റ് പരിഷ്‌കരണം നാളെ (മെയ് 2) മുതൽ പ്രാബല്യത്തിൽ വരും. നിഷ്‌കർഷിച്ചിരിക്കുന്ന ട്രാക്കോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കാതെയാണ് നാളെ മുതൽ ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌കരണം നടപ്പാക്കാൻ പോകുന്നത്.
ഇതിനെതിരെ ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ സംയുക്ത സമര സമിതി ടെസ്‌റ്റ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്‌തു. നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാനും അന്നേ ദിവസം ഡ്രൈവിങ് ടെസ്‌റ്റ് ബഹിഷ്‌ക്കരിക്കാനും ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്‌സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
സംസ്ഥാന വ്യാപകമായി ഡ്രൈവിങ് സ്‌കൂൾ സ്ഥാപനങ്ങൾ അടച്ചിടാനും പരിശീലനം ഉൾപ്പെടെ നിർത്തിവെച്ചും ഡ്രൈവിങ് ടെസ്‌റ്റിൽ പങ്കെടുക്കാതെയും ലേണേഴ്‌സ് ടെസ്‌റ്റിനുള്ള ഫീസ് അടക്കാതെയും പ്രതിഷേധിക്കുമെന്നും ഡ്രൈവിങ് സ്‌കൂൾ ഓണേഴ്‌സ് സമിതിയും അറിയിച്ചു.
പ്രതിദിന ഡ്രൈവിങ് ടെസ്‌റ്റുകളുടെ എണ്ണം ഉയർത്തുക, 15 വർഷം പഴക്കമുള്ള വാഹനങ്ങൾ അനുവദിക്കുക, ഇരുചക്ര വാഹനങ്ങളിൽ കയ്യിൽ ഗിയറുള്ള വാഹനം അനുവദിക്കുക, ടെസ്‌റ്റ് തോല്‍ക്കുന്നവർക്കുള്ള ടെസ്‌റ്റുകളുടെ എണ്ണം വർധിപ്പിക്കുക അടക്കമുള്ള ആവശ്യങ്ങളാണ് ഡ്രൈവിങ് സ്‌കൂൾ ഉടമകൾ മുന്നോട്ട് വെക്കുന്നത്.
അതേ സമയം, 77 ആർടിഒകൾക്ക് കീഴിൽ പരിഷ്‌കരിച്ച ട്രാക്കും അടിസ്ഥാന സ്വകാര്യങ്ങളും സജ്ജമാക്കാനായിരുന്നു നിർദേശം. ഇതിൽ രണ്ടിടത്ത് മാത്രമാണ് ട്രാക്ക് സജ്ജമായത്. ഭൂരിഭാഗം സ്ഥലങ്ങളിലും ട്രാക്ക് സജ്ജമാകാത്തതിനാൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഇളവിന് നിർദേശം നൽകിയിരുന്നു.
സജ്ജമായ സ്ഥലങ്ങളിൽ നാളെ മുതൽ പരിഷ്‌കരണം നടപ്പിലാക്കാനും മറ്റിടങ്ങളിൽ 'എച്ച്' പഴയ രീതിയിൽ നിലവിലെ ഗ്രൗണ്ടിൽ എടുക്കാമെന്നും ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവിലെ രീതിയിൽ നിന്ന് മാറി റോഡ് ടെസ്‌റ്റിന് ശേഷമായിരിക്കും എച്ച് എടുപ്പിക്കുക.
റോഡ് ടെസ്‌റ്റിൽ കയറ്റത്ത് നിർത്തി മുന്നോട്ടെടുക്കുക, പാർക്കിങ് എന്നിവയും ചെയ്‌ത് കാണിക്കണം. മെയ് മുതൽ പ്രതിദിനം നടത്തുന്ന ഡ്രൈവിങ് ടെസ്‌റ്റുകളുടെ എണ്ണം 60 ആയി നിജപ്പെടുത്തും. പുതുതായി ടെസ്‌റ്റിൽ പങ്കെടുക്കുന്ന 40 പേർക്കും തോറ്റവർക്കുള്ള റീ ടെസ്‌റ്റിൽ ഉൾപ്പെട്ട 20 പേർക്കുമായിരിക്കും ടെസ്‌റ്റ് നടത്തുക.
നിലവിലുള്ള എച്ച് ടെസ്‌റ്റിന് പകരം ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ ടെസ്‌റ്റ് ഗ്രൗണ്ടിൽ ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രേഡിയന്‍റ് ടെസ്‌റ്റ് എന്നിവ ഉൾപ്പെടുത്തണമെന്നും ഇത് മെയ് 2 മുതൽ നടപ്പാക്കണമെന്നുമായിരുന്നു നിർദ്ദേശം.