തിരുവനന്തപുരം : ഭരണകക്ഷിയായ സിപിഎമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും കടുത്ത എതിര്‍പ്പ് വകവയ്ക്കാതെ ദൂരദര്‍ശന്‍ കഴിഞ്ഞ ദിവസം വിവാദ ചിത്രം കേരള സ്റ്റോറി സംപ്രേക്ഷണം ചെയ്‌തു. രാത്രി എട്ട് മണിക്ക് ആയിരുന്നു ചിത്രത്തിന്‍റെ സംപ്രേഷണം.
ഇതിനിടെ ചിത്രത്തിന്‍റെ പൊള്ളത്തരം വെളിവാക്കുന്ന ഒരു വീഡിയോ ഡിവൈഎഫ്ഐ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തു. കേരള സ്റ്റോറി സത്യമോ മിഥ്യയോ? എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ വീഡിയോ ആണ് ഇത് ധ്രുവ് രതിയുടെ ഈ വീഡിയോ ഡിവൈഎഫ്ഐ വിവിധയിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസും ചിത്രം സംപ്രേഷണം ചെയ്യുന്നതിനെതിരെ രംഗത്ത് എത്തിയിരുന്നു. ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് അവര്‍ രാത്രി എട്ടരയ്ക്ക് മാര്‍ച്ചും സംഘടിപ്പിച്ചു.
നേരത്തെ ചിത്രം സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ സിപിഎമ്മും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മിഷന് വെവേറെ പരാതികള്‍ നല്‍കിയിരുന്നു. മതത്തിന്‍റെ പേരില്‍ സമൂഹത്തെ ധ്രുവീകരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ചിത്രത്തിന്‍റെ സംപ്രേക്ഷണമെന്നും ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കമ്മിഷന്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് സംപ്രേക്ഷണം തടയണമെന്നും പരാതിയില്‍ ഇരുകക്ഷികളും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ചിത്രത്തിന്‍റെ വിഷയം യാഥാര്‍ഥ്യമാണെന്നും കോണ്‍ഗ്രസും സിപിഎമ്മും എന്തിനാണ് ഇതിനെ എതിര്‍ക്കുന്നതെന്ന് മനസിലാകുന്നില്ലെന്നുമായിരുന്നു ബിജെപിയുടെ പ്രതികരണം. കേരള സ്റ്റോറി ഒരു പ്രചരണ ചിത്രമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ജനങ്ങളെ മോശമായി ചിത്രീകരിച്ചിരിക്കുകയാണ് ഇതില്‍.
വര്‍ഗീയതയുടെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് ഈ ചിത്രമെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു. കേരളത്തിലെ ജനതയെ അപമാനിക്കാനുള്ള നീക്കമാണ് ദൂരദര്‍ശന്‍ ഇതിലൂടെ നടത്തിയത്. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനം കൂടിയാണ്. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വര്‍ഗീയ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ദുഷ്‌ടലാക്കാണ് ചിത്രത്തിന്‍റെ സംപ്രേക്ഷണം.
തെരഞ്ഞെടുപ്പ് തന്നെയാണ് ഈ സമയത്ത് ചിത്രം സംപ്രേഷണം ചെയ്യാനുള്ള ദൂരദര്‍ശന്‍റെ നീക്കത്തിന് പിന്നിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു. പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ തന്നെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് രാഷ്‌ട്രീയ ലാക്കോടെയാണ്. ദൂരദര്‍ശന്‍ പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്‍റെ നിയന്ത്രണത്തിലാണ്.
എന്നാല്‍ ഇരുകക്ഷികളും വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നുവെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ പ്രതികരണം.