പത്തനംതിട്ട: പാൽ മണവും കേക്ക് മണവും ഒന്നിച്ചെത്തിയപ്പോൾ മഴത്തണുപ്പിൽ വിശന്നിരുന്ന നായക്ക് പിന്നെ പിടിച്ചു നിൽക്കാനായില്ല. ഉറവിടം കണ്ടെത്തി കേക്കിരുന്ന അലൂമിനിയം പാത്രത്തിലേക്ക് തലയിട്ടു. കേക്ക് കിട്ടിയില്ലെന്ന് മാത്രമല്ല നായയുടെ തല പാത്രത്തിൽ കുടുങ്ങുകയും ചെയ്‌തു.
ഇതോടെ നായ റോഡിൽ തലങ്ങും വിലങ്ങും ഓട്ടമായി. കടമ്പനാട് നെല്ലിമുകൾ മുള്ളൻകോണം ജങ്ഷന് സമീപമാണ് സംഭവം. പ്രാദേശവാസിയായ വീട്ടമ്മ പാൽ സൊസൈറ്റിയിൽ പാൽ നൽകി വരുന്ന വഴിയിൽ ഒരു കേക്ക് വാങ്ങി അലൂമിനിയം പാൽ പാത്രത്തിൽ വച്ചു. ഇതിനിടെ ക്ഷേത്രത്തിൽ ദർശനം നടത്താനായി കയറുമ്പോൾ പാൽ പാത്രം റോഡരികിൽ വച്ചു. ഈ സമയത്താണ് കേക്കിന്‍റെയും പാലിന്‍റെയും മണം പിടിച്ചെത്തിയ നായ പാത്രത്തിൽ തലയിട്ടത്.
തലയിൽ കുടുങ്ങിയ പാത്രവുമായി നായ ഒന്നും കാണാനാകാതെ ഓടി നടക്കുന്നത് കണ്ട് നാട്ടുകാർ അടൂർ ഫയർഫോഴ്‌സിൽ വിവരം അറിയിച്ചു. സേന ഉടൻ തന്നെ സ്ഥലത്തെത്തി. ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് നായയുടെ തല പാത്രത്തിൽ നിന്ന് പുറത്തെടുത്തത്. പാത്രത്തിൽ ഉണ്ടായിരുന്ന കേക്കും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ നായയ്‌ക്ക് നൽകി. പാത്രത്തിൽ തല കുടുങ്ങിയതിന്‍റെ പരിഭ്രാന്തി വിട്ടുമാറിയില്ലെങ്കിലും കേക്ക് കഴിച്ച ശേഷമാണ് നായ മടങ്ങിയത്.
ALSO READ: ടിപി വധക്കേസ് പ്രതികളുടെ ശിക്ഷായിളവ്: കെകെ രമയുടെ അടിയന്തര പ്രമേയ നോട്ടിസ് തള്ളി സ്‌പീക്കര്‍