തിരുവനന്തപുരം: ബിജെപിയെ കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസിന്‍റെ ട്രബിൾ ഷൂട്ടറുമായ ഡികെ ശിവകുമാർ. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന് വേണ്ടി റോഡ് ഷോയിൽ പങ്കെടുത്ത ശേഷം കോൺഗ്രസ് ആസ്ഥാനമായ ഇന്ദിര ഭവനിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് മോദി തരംഗമില്ലെന്നും നൂറോളം ബിജെപി സിറ്റിങ് എംപിമാർ തോൽക്കുമെന്നും ഡികെ ശിവകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരാജയ ഭീതി കാരണമാണ് രാജ്യത്ത് മോദി തരംഗമാണെന്ന് ബിജെപി പ്രചരിപ്പിക്കുന്നത്. രാജ്യത്ത് മോദി തരംഗമോ ബിജെപി തരംഗമോ ഇല്ല. രാജീവ് ചന്ദ്രശേഖർ, ശോഭ കരന്ദലാജേ എന്നീ കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ ബിജെപിയുടെ നൂറോളം സിറ്റിങ് എംപിമാർ തോൽക്കുമെന്നും ശിവകുമാർ പറഞ്ഞു.
വ്യക്തമായ ഭൂരിപക്ഷം നേടി ഇന്ത്യ മുന്നണി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കും. ഉത്തരേന്ത്യയിലുണ്ടാകുന്ന നഷ്‌ടം ദക്ഷിണേന്ത്യയിൽ നികത്താനുള്ള നെട്ടോട്ടമാണ് മോദി കേരള കർണാടക സംസ്ഥാനങ്ങളിൽ ഓടി നടക്കുന്നത്. കേരളത്തിൽ 20 ൽ 20 സീറ്റും യുഡിഎഫ് വിജയിക്കും. തമിഴ്‌നാട്ടിൽ 40 സീറ്റ് നേടും കർണാടകത്തിൽ 20 സീറ്റിന് മുകളിലായിരിക്കും കോൺഗ്രസ് ജയമെന്നും ഡി കെ ശിവകുമാർ പ്രവചിച്ചു.
18 വർഷം എംപിയായിരുന്ന രാജീവ് ചന്ദ്രശേഖരൻ കേരളത്തിന് വേണ്ടി എന്ത് ചെയ്‌തുവെന്നും ശിവകുമാര്‍ ചോദിച്ചു. ഒരു വികസന പദ്ധതി ചൂണ്ടികാണിക്കാൻ വെല്ലുവിളിക്കുകയും ചെയ്‌തു. അദ്ദേഹമിട്ട ഒരു കല്ലെങ്കിലും കാണിക്കട്ടെ, ബാംഗ്ലൂരിലും അദ്ദേഹം നടത്തിയ വികസനം ചൂണ്ടികാണിക്കാൻ വെല്ലുവിളിക്കുന്നുവെന്നും ശിവകുമാർ പറഞ്ഞു.
സത്യവാങ്മൂലത്തിൽ വിവരങ്ങൾ മറച്ചുവെച്ചു എന്നതിനെ കുറിച്ച് രാജീവ് ചന്ദ്രശേഖർ ഒന്നും പറയുന്നില്ല. അദ്ദേഹത്തിന് കേരളത്തോട് കൂറും വിശ്വാസവുമുണ്ടെങ്കിൽ അന്വേഷണം നേരിടാൻ തയ്യാറാവുകയാണ് വേണ്ടതെന്നും ശിവകുമാർ വ്യക്‌തമാക്കി.
താൻ ശശി തരൂരിന്‍റെ കടുത്ത ആരാധകനാണ്. അദ്ദേഹം ജയിക്കുമെന്ന് ബിജെപി നേതാവ് ഒ രാജഗോപാൽ പറഞ്ഞിട്ടുണ്ട്. ഇത്തവണയും തരൂർ ഉജ്വല വിജയം നേടും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുപിഎ ശക്തമായ വെല്ലുവിളി നേരിട്ടപ്പോഴും 19 ൽ 20 സീറ്റും നൽകി ഒപ്പം നിന്ന സംസ്ഥാനമാണ് കേരളം. ഇത്തവണ 20 ൽ 20 സീറ്റും കേരളം നൽകുമെന്നും ഡി കെ ശിവകുമാർ കൂട്ടിച്ചേര്‍ത്തു.
ALSO READ: 'ബിജെപി പ്രകടന പത്രികയിൽ നിറഞ്ഞ് നിൽക്കുന്നത് വർഗീയ അജണ്ട': മുഖ്യമന്ത്രി