എറണാകുളം : കേരളത്തിൽ ഇന്ന് (വെള്ളി) ദുൽഹജ്ജ് മാസപ്പിറവി കാണാൻ സാധ്യതയില്ല. ബലി പെരുന്നാൾ ജൂൺ പതിനെട്ടിന് ആകാൻ സാധ്യത. അതേസമയം ഹിജ്റ കലണ്ടർ പ്രകാരം കേരളത്തിൽ ഇന്ന് ദുൽഖഅദ് 29 ആണ്. ഇന്ന് ചന്ദ്രപ്പിറവി ദൃശ്യമായാൽ, നാളെ ദുൽഹജ്ജ് ഒന്നാകും. അങ്ങനെയെങ്കില്‍ ജൂൺ പതിനേഴിനായിരിക്കും ബലി പെരുന്നാൾ ആഘോഷിക്കുക.
കാലാവസ്ഥ നിരീക്ഷികർ നൽകുന്ന വിവര പ്രകാരം ഇന്ന് 6.48 നാണ് സൂര്യൻ അസ്‌തമിക്കുന്നത്. കേരളത്തില്‍ ആകാശത്ത് ഇന്ന് രാത്രി 7:49 വരെ ചന്ദ്രൻ ഉണ്ടാകുമെങ്കിലും
മേഘാവൃതമായ അന്തരീക്ഷമായതിനാൽ കാണാൻ സാധ്യയില്ല. ഏകദേശം ഒരു മണിക്കൂറോളം ചന്ദ്രൻ ആകാശത്തുണ്ടാകുമെങ്കിലും കാലവർഷ മേഘങ്ങൾ ഉള്ളതിനാൽ മാസപ്പിറവി ദർശനത്തിന് സാധ്യതയില്ലെന്നാണ് മെറ്റ് ബീറ്റ് വെതറിലെ കാലാവസ്ഥ നിരീക്ഷകർ നൽകുന്ന വിവരം.
സൗദി അറേബ്യയിൽ വ്യാഴാഴ്‌ച ദുൽഹജ്ജ് മാസപ്പിറവി കണ്ടതിനെ തുടർന്ന് ഹജ്ജിന്‍റെ സുപ്രധാന ചടങ്ങായ അറഫ സംഗമം ജൂൺ 15 ന് നടക്കും. ജൂൺ 16 ആയിരിക്കും സൗദിയിൽ ബലിപെരുന്നാൾ. ദുൽഹജ്ജ് മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ന് (വെള്ളി) ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു. ഒമാൻ ഒഴികെയുള്ള ഗൾഫിലെ മറ്റു രാജ്യങ്ങളിലും ജൂൺ 16 നാണ് പെരുന്നാൾ.
ഒമാനിൽ ദുൽഖഅദ് 29 ന് മാസപ്പിറവി ദർശിക്കാത്തതിനാൽ ബലിപ്പെരുന്നാൾ ഈ മാസം 17നായിരിക്കും. ശാസ്ത്രീയമായ കണക്കുകൂട്ടലുകള്‍ പ്രകാരം ചന്ദ്രന്‍ ഉദിച്ചെന്ന് അറിഞ്ഞാല്‍ മാത്രം ഖാസിമാർ പെരുന്നാൾ തീരുമാനിക്കില്ല. ചന്ദ്രപ്പിറവി കണ്ണുകൊണ്ട് കണ്ട് ഉറപ്പുവരുത്തിയാലേ ഖാസിമാര്‍ പുതിയ മാസപ്പിറവി ഉറപ്പിക്കുകയുള്ളൂ.
വിശ്വാസയോഗ്യരായ രണ്ട് സാക്ഷികൾ ചന്ദ്രപ്പിറവി കണ്ടുവെന്ന് ഖാസിമാരെ അറിയിച്ചാൽ മാത്രമാണ് പെരുന്നാൾ തീരുമാനിക്കുക. മുൻ കാലങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കേരളത്തിൽ ഖാസിമാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ടാവുകയും പെരുന്നാൾ ആഘോഷം രണ്ട് ദിവസങ്ങളിലായി നടന്ന ചരിത്രവുമുണ്ട്. ഇത് സമൂഹത്തിൽ വലിയ തർക്കങ്ങളിലേക്ക് പോയ സാഹചര്യത്തിൽ ഖാസിമാർക്കിടയിലെ ഒരു ധാരണയുടെ അടിസ്ഥാനത്തിലാണ് നിലവിൽ തീരുമാനമെടുത്ത് വരുന്നത്.
ALSO READ: മഴ വീണ്ടും വരുന്നു, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത