കണ്ണൂര്‍ : കടലില്‍ പ്രകൃതി ഒരുക്കിയ പച്ചത്തുരുത്ത്. പരന്നൊഴുകി അറബിക്കടലിലേക്ക് സംഗമിക്കുന്ന അഞ്ചരക്കണ്ടി പുഴ. ഗതിവിഗതികള്‍ മാറി നുരയുന്ന കടലിലെ തിരമാലകള്‍. ധര്‍മ്മടം തീരത്ത് നിന്നുളള കാഴ്‌ചകള്‍ ഏത് സഞ്ചാരികളുടേയും മനം കുളിര്‍പ്പിക്കും. കരയില്‍ നിന്നും ഒരു വിളിപ്പാടകലെ സഞ്ചാരികള്‍ക്ക് കൗതുകമായി നിലകൊളളുകയാണ് ധര്‍മ്മടം തുരുത്ത്. കടലിന്‍റെ മാറില്‍ പ്രകൃതി കനിഞ്ഞ് നല്‍കിയ ഈ പച്ചത്തുരുത്ത് ഉദയം മുതല്‍ അസ്‌തമയം വരെ വിവിധ രീതിയില്‍ ദൃശ്യവിസ്‌മയമൊരുക്കുന്നു.
ആറ് ഏക്കറോളം വരുന്ന ഈ കൊച്ചു ദ്വീപിന്‍റെ ഹരിതാഭക്ക് പിന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന തെങ്ങുകളും അപൂര്‍വ്വ ഇനം സസ്യജാലങ്ങളുമാണ്. നീലക്കൊടുവേലി നഞ്ച്, താന്നി, ആമക്കഴുത്ത് തുടങ്ങിയ ചെടികളും സമൃദ്ധമാണിവിടെ. ഹരിതാഭ വിട്ടുമാറാത്ത ഈ തുരുത്തില്‍ കടലിലൂടെ നടന്നു പോകാം. എന്നാല്‍ എല്ലാ സമയത്തും തുരുത്തിലേക്ക് പോകാമെന്ന് വ്യാമോഹിക്കേണ്ട. കടലിലെ വേലിയേറ്റവും വേലിയിറക്കവും കൃത്യമായി അന്വേഷിച്ചു വേണം തുരുത്തിലേക്ക് പോകാന്‍.
തീരത്ത് നിന്നും ഒരു കിലോമീറ്ററോളം ദൂരത്തിലാണ് ഹരിത ദ്വീപ് നിലകൊള്ളുന്നത്.
ഇവിടേക്ക് പോകാന്‍ പ്രദേശവാസികളുടെ സഹായം ലഭിക്കും. എന്നാല്‍ തുരുത്തില്‍ പോയി തിരിച്ചു വരാന്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ഒന്നുമില്ല എന്നത് പ്രധാന പോരായ്‌മയാണ്. കടലിലൂടെ നടന്നു പോകുന്നതാണ് തുരുത്തിലേക്കുളള പ്രധാന ആസ്വാദനം. വേലിയിറക്കത്തിന് കടല്‍ ഉള്‍ വലിഞ്ഞാന്‍ കാല്‍ പാദം മുങ്ങാനുളള ഉയരമേ കടലിലുണ്ടാകൂ. ആറ് ഇഞ്ച് വരെ ഉയരത്തിലുളള വെളളത്തിലൂടെ നടന്ന് പോകാം. തുരുത്തിന് ചുറ്റും പല രൂപത്തിലുളള പാറക്കൂട്ടങ്ങള്‍ കാവല്‍ക്കാരെ പോലെ നിലകൊള്ളുന്നുണ്ട്. കാഴ്‌ചയിലും ഇവ സുന്ദരമാണ്.
എന്നാല്‍ കരുതലോടെ പോയില്ലെങ്കില്‍ ഒരു രാത്രി തുരുത്തില്‍ പെട്ടതു തന്നെ. 1998ല്‍ സ്വകാര്യ വ്യക്തിയില്‍ നിന്നും കേരള സര്‍ക്കാര്‍ ഏറ്റെടുത്തതാണ് ധര്‍മ്മടം തുരുത്ത്. വിനോദ സഞ്ചാരത്തിന് ഇത്രയും സാധ്യതയുള്ള ഒരിടം വടക്കേ മലബാറില്‍ അപൂര്‍വമാണ്. സഞ്ചാരികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നേരത്തെ ധര്‍മ്മടം ബീച്ച് പാര്‍ക്കില്‍ ഒരുക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ അതെല്ലാം നാമമാത്രമാണ്. നിര്‍മ്മിതികള്‍ പലതും നാശോന്മുഖമാവുകയാണ്. ഉപയോഗക്ഷമമല്ലാത്ത അവസ്ഥയിലാണ് പാര്‍ക്കിലെ കെട്ടിടങ്ങള്‍. തുരുത്ത് കാണാനെത്തുന്നവര്‍ പാര്‍ക്കിനെ ഗൗനിക്കാത്ത അവസ്ഥയിലാണ്. കണ്ണൂരില്‍ നിന്ന് 11 കിലോ മീറ്ററും തലശേരിയില്‍ നിന്ന് 6 കിലോമീറ്ററുമാണ് ധര്‍മ്മടം ബീച്ചിലേക്കുളള ദൂരം.