തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം, ഫോൺ ചോർത്തൽ എന്നീ വിഷയങ്ങളിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് എന്നിവർ ഗവർണറെ രാജ്ഭവനിലെത്തി കാണില്ല. സർക്കാരിനെ അറിയിക്കാതെ ഇക്കാര്യം ചെയ്യാൻ ഗവർണർക്ക് അധികാരമില്ലെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
വിഷയങ്ങളിൽ നേരിട്ടെത്തി വിശദീകരണം നൽകാൻ ഗവർണർ നിർദേശം നൽകിയിരുന്നു. എന്നാൽ ഇരുവരും ഗവർണറെ നേരിട്ട് കണ്ടു വിശദീകരണം നൽകേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫിസ് തീരുമാനിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി വിലയിരുത്തി. സംഭവത്തിൽ രാജ്ഭവൻ ഇതു വരെ പ്രതികരിച്ചിട്ടില്ല. ഇതോടെ നാളുകളായി നിലച്ചിരുന്ന ഗവർണർ സർക്കാർ പോരിന് വീണ്ടും കളമൊരുങ്ങുകയാണ്.