ഇടുക്കി : ദേവികുളം ഗ്യാപ് റോഡിൽ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഒരാഴ്‌ച മുമ്പുണ്ടായ കനത്തമഴയെ തുടർന്ന് മണ്ണിടിച്ചില്‍ ഉണ്ടായാണ് റോഡിലെ ഗതാഗതം തടസപ്പെട്ടത്. പാതയോരത്തു നിന്നും കല്ലും മണ്ണും റോഡിലേക്കിടിഞ്ഞെത്തുകയായിരുന്നു. ഇവ റോഡില്‍ നിന്നും നീക്കം ചെയ്യേണ്ടതുണ്ട്.
നിലവിൽ മഴയുടെ ശക്തികുറഞ്ഞ സാഹചര്യത്തിലാണ് ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടി തുടങ്ങിയിട്ടുള്ളത്. റോഡിൽ കിടക്കുന്ന കല്ലും മണ്ണും നീക്കി വൈകാതെ റോഡിലെ യാത്രാ തടസം നീക്കാമെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതീക്ഷ. ഗ്യാപ് റോഡിലൂടെയുള്ള യാത്രക്ക് നിലവില്‍ നിയന്ത്രണമുണ്ട്. മഴ പെയ്യുന്നതോടെ പ്രദേശത്ത് രൂപം കൊള്ളുന്ന മണ്ണിടിച്ചില്‍ ഭീഷണിയും യാത്രാ നിയന്ത്രണങ്ങളും നിത്യേന ഈ റോഡിനെ ആശ്രയിക്കുന്നവര്‍ക്ക് വലിയ ദുരിതം സമ്മാനിക്കുന്നുണ്ട്.
മൂന്നാര്‍ മേഖലയില്‍ നിന്നും ചിന്നക്കനാല്‍ മേഖലയിലെത്തി പഠനം നടത്തുന്ന വിദ്യാര്‍ഥികളാണ് ഏറ്റവും അധികം പ്രതിസന്ധി അഭിമുഖീകരിക്കുന്നത്. ഗ്യാപ് റോഡില്‍ യാത്രാ നിയന്ത്രണം ഉണ്ടാകുന്നതോടെ യാത്രക്ക് അധിക സമയവും തുകയും പ്രദേശവാസികള്‍ കണ്ടെത്തേണ്ടതായി വരുന്നു.
Also Read : ഗ്യാപ് റോഡില്‍ മണ്ണിടിച്ചില്‍; ഗതാഗതം പൂർണമായും നിരോധിച്ചു - MUNNAR GAP ROAD LANDSLIDE