തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന് ഗതിവേഗം കൂടി. മുന്നണി സ്ഥാനാര്‍ത്ഥികള്‍ പല മണ്ഡലങ്ങളിലും പത്രിക നല്‍കി. ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വിമുരളീധരന്‍ പത്രിക നല്‍കി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇന്ന്(30-03-2024) ലഭിച്ചത് രണ്ട് നാമ നിര്‍ദേശ പത്രികകളാണ്. ബിജെപി സ്ഥാനാര്‍ഥി വി.മുരളീധരന്‍, ബിജെപി ഡമ്മി സ്ഥാനാര്‍ത്ഥി രാജശേഖരന്‍ നായര്‍ എസ് എന്നിവരാണ് പത്രിക നല്‍കിയത്. ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലം വരണാധികാരിയായ എഡിഎം പ്രേംജി സി മുന്‍പാകെയാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്.
മുതിര്‍ന്ന ബിജെപി നേതാവ് പി കെ കൃഷ്‌ണദാസാണ് നാമ നിര്‍ദേശ പത്രികാ സമര്‍പ്പണത്തില്‍ വി മുരളീധരനൊപ്പമുണ്ടായത്. റഷ്യ ഉക്രൈന്‍ സംഘര്‍ഷത്തിനിടെ ഉക്രൈനില്‍ കുടുങ്ങിയ ശേഷം കേന്ദ്ര സര്‍ക്കാര്‍ ഇടപെടലില്‍ നാട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളാണ് വി മുരളീധരന് കെട്ടി വെക്കാനുള്ള തുക കൈമാറിയത്.
തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ഇന്ന് സ്ഥാനാര്‍ത്ഥികളാരും പത്രിക നല്‍കിയിട്ടില്ല. എറണാകുളം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ എസ്. രാധാകൃഷ്‌ണൻ (ബിജെപി) പത്രിക സമര്‍പ്പിച്ചു. കാക്കനാട് സിവിൽ സ്‌റ്റേഷനില്‍ ജില്ല കളക്‌ടറുടെ ചേംബറിലെത്തിയാണ് എറണാകുളം ലോക്‌സഭാ മണ്ഡലം വരണാധികാരി കൂടിയായ ജില്ലാ കളക്‌ടര്‍ എൻ എസ് കെ ഉമേഷ് മുമ്പാകെ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചത്.
ചാലക്കുടി മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി സി രവീന്ദ്രനാഥ് (സിപിഐഎം) കാക്കനാട് സിവിൽ സ്‌റ്റേഷനിലെത്തി നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്‍റെ ചേംബറിൽ ചാലക്കുടി ലോക്‌സഭ മണ്ഡലം വരണാധികാരി ആശാ സി എബ്രഹാം മുമ്പാകെയാണ് പ്രൊഫസര്‍ രവീന്ദ്ര നാഥ് നാമനിർദേശ പത്രിക സമർപ്പിച്ചത്. മന്ത്രി പി രാജീവ് ഒപ്പമുണ്ടായിരുന്നു. ചാലക്കുടിയിലെ എസ്‌യുസിഐ (സി) സ്ഥാനാര്‍ത്ഥി എം പ്രദീപനും കാക്കനാട് സിവിൽ സ്‌റ്റേഷനിലുളള അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്‍റെ ചേംബറിൽ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു.
പത്തനംതിട്ടയില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ഡോ. ടി എം തോമസ് ഐസക് പത്രിക നല്‍കി. മന്ത്രി വീണ ജോര്‍ജ്, ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ക്കൊപ്പമാണ് തോമസ് ഐസക് പത്രിക നല്‍കാനെത്തിയത്. കുടുംബശ്രീ പ്രവര്‍ത്തകരാണ് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്. കോഴിക്കോട്ട് സിറ്റിങ്ങ് എം പിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ എം കെ രാഘവനും നാമ നിര്‍ദേശ പത്രിക നല്‍കി. മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീര്‍ ഒപ്പമുണ്ടായിരുന്നു.
മലപ്പുറത്ത് ഇടത് മുന്നണി സ്ഥാനാര്‍ഥിയായ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പാലൊളി മുഹമ്മദ് കുട്ടി, ടി കെ ഹംസ എന്നിവര്‍ക്ക് ഒപ്പമാണ് കളക്‌ടറേറ്റില്‍ എത്തിയത്. മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം അബ്‌ദുള്‍ സലാമും ഇന്ന് പത്രിക നല്‍കി.