ഇടുക്കി : ശക്തമായ മഴയ്‌ക്കൊപ്പം ജില്ലയില്‍ ഡെങ്കിപ്പനി ഭീഷണിയും. കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ അഞ്ച് പഞ്ചായത്തുകളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പാമ്പാടുംപാറയില്‍ ഡെങ്കിപ്പനിക്ക് പുറമെ മലേറിയയും മന്തും സ്ഥിരീകരിച്ചതില്‍ ജനങ്ങള്‍ ആശങ്കയിലാണ്.
ശാന്തൻപാറ ഗ്രാമപഞ്ചായത്തിൽ ഒരാൾക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എന്നാല്‍ 15 പേർക്ക് രോഗലക്ഷണങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തിൽ രണ്ട് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ എട്ട് പേർ നിരീക്ഷണത്തിലാണ്. പാമ്പാടുംപാറയിൽ ആറ് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ 12 പേർ നിരീക്ഷണത്തിലാണ്.
കരുണാപുരം പഞ്ചായത്തിൽ മൂന്ന് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇവിടെ ആറ് പേർ നിരീക്ഷണത്തിലാണ്. നെടുങ്കണ്ടം പഞ്ചായത്തിൽ 11 പേർക്ക് ഡെങ്കിപ്പനിയുടേതിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണ്.
ആശങ്കയായി മന്തും മലേറിയയും : ഡെങ്കിപ്പനിക്കൊപ്പം പാമ്പാടുംപാറയില്‍ നാല് പേര്‍ക്കാണ് മന്തും മലേറിയയും സ്ഥിരീകരിച്ചത്. അതിഥി തൊഴിലാളികള്‍ക്കാണ് അസുഖം ബാധിച്ചിട്ടുള്ളത്. ഇതില്‍ ഒരാള്‍ മരിച്ചു. അതിര്‍ത്തിയിലെ തോട്ടം തൊഴിലാളികളിലാണ് കൂടുതലായും പകര്‍ച്ചവ്യാധി സ്ഥിരീകരിച്ചിട്ടുള്ളത്.
പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം : തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പഞ്ചായത്തുകളിലാണ് പകര്‍ച്ചവ്യാധി കൂടുതലായി റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇത്തരം മേഖലകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്. കാലവർഷം ശക്തമാക്കാനിരിക്കെ ജലജന്യ രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്ത് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങള്‍ ഊർജിതമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
Also Read: വിജയപുരത്ത് 5 പേർക്ക് കൂടി ഡെങ്കിപ്പനി; ശുചീകരണം ഊർജിതമാക്കി ഗ്രാമപഞ്ചായത്ത്