നടൻ മോഹൻലാലിനെതിരെ വിവാദ പരാമർശം നടത്തിയ കുറ്റത്തിന് കേസ് ചാർജ് ചെയ്‌ത അജു അലക്‌സിനെതിരെയുള്ള നടപടികൾ വേഗത്തിലാക്കി തിരുവല്ല പൊലീസ്. താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം ചെകുത്താൻ എന്നറിയപ്പെടുന്ന അജു അലക്‌സിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്‌തത്.
തെളിവെടുപ്പുകൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ അജു അലക്‌സിന് സ്റ്റേഷൻ ജാമ്യവും അനുവദിച്ചിരുന്നു. ഉന്നതതല നിർദേശങ്ങൾക്ക് അനുസരിച്ച് കേസ് നടപടികൾ വേഗത്തിൽ ആക്കാൻ തന്നെയാണ് പൊലീസിന്‍റെ തീരുമാനം. കഴിഞ്ഞദിവസം തെളിവെടുപ്പിനിടെ അജുവിൽ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ വേഗത്തിൽ തന്നെ ഫോറൻസിക് ലാബിലേക്ക് അയക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഫോറൻസിക് പരിശോധനയുടെ ഭാഗമായി അജുവിന്‍റെ ശബ്‌ദവും ഉടൻതന്നെ പൊലീസ് റെക്കോർഡ് ചെയ്യും. യൂട്യൂബിൽ മോഹൻലാലിനെ അധിക്ഷേപിച്ച് പുറത്തിറക്കിയ വീഡിയോ പിന്നീട് ചെകുത്താൻ എന്ന അജു അലക്‌സ് പിൻവലിച്ചിരുന്നു. അതുകൊണ്ടുതന്നെ പബ്ലിഷ് ചെയ്‌തിരുന്ന വീഡിയോയുടെ ശാസ്ത്രീയത പരിശോധക്കാനാണ് അജുവിനെ വിളിച്ചുവരുത്തി ശബ്‌ദം റെക്കോഡ് ചെയ്യാൻ പൊലീസ് തീരുമാനിച്ചത്.
കഴിഞ്ഞ 10 വർഷത്തിലേറെയായി മോഹൻലാലിനെതിരെ തുടർച്ചയായ അധിക്ഷേപങ്ങൾ ചെകുത്താൻ എന്ന തന്‍റെ യൂട്യൂബ് ചാനലിലൂടെ അജു നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ പരാതികൾ ചെകുത്താനെതിരെ വരാൻ സാധ്യതയുണ്ടെന്നും പൊലീസിന്‍റെ പ്രതികരണം. സമൂഹമാധ്യമത്തിലൂടെ അധിക്ഷേപങ്ങൾ നടത്തിയ പല യൂട്യൂബർമാർക്കെതിരെയും സമാന രീതിയിലുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസിന്‍റെ വെളിപ്പെടുത്തൽ.