കോട്ടയം : അരുണചാൽ പ്രദേശിലെ ഇറ്റാനഗറിൽ മലയാളികളുടെ മരണത്തിന് പിന്നില്‍ ടെലഗ്രാം ദുര്‍മന്ത്രവാദം ആണെന്ന സംശയത്തിൽ പൊലീസ്. ദുര്‍മന്ത്രവാദം ആണെന്ന് സംശയിക്കുന്നത് സംബന്ധിച്ച് നിര്‍ണായക വിവരം പൊലീസിന് ലഭിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപികയും കോട്ടയം സ്വദേശികളായ ദമ്പതികളെയുമാണ് ഇറ്റാനഗറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദമ്പതികളായ നവീനും ദേവിയും അധ്യാപികയായ ആര്യയേയുമാണ് ഇറ്റാനഗറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇറ്റാനഗറിലെ ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മാർച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്.
സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്നു ആര്യ. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോഴാണ് ഇതേ സ്‌കൂളിലെ മുൻ അധ്യാപികയായിരുന്ന ദേവിയേയും ഭർത്താവിനെയും കാണാതായെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. മാർച്ച് 17നാണ് നവീനും ദേവിയും കോട്ടയം മീനടത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയത്.
മാർച്ച് 28ന് വീട്ടിലേക്ക് അവസാനമായി വിളിച്ചിരുന്നു. അപ്പോൾ നാലു ദിവസത്തിനുള്ളിൽ മടങ്ങുമെന്നാണ് ഇവർ അറിയിച്ചത്. പിന്നീട് ഇവരെ കുറിച്ച് വിവരങ്ങൾ കിട്ടാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ ഗുവാഹത്തിയിലേക്ക് പോയതായി കണ്ടെത്തിയിരുന്നു.
നവീനായിരുന്നു ദുര്‍മന്ത്രവാദത്തില്‍ ആദ്യം ആകൃഷ്‌ട്ടനായത് തുടർന്ന് ഭാര്യ ദേവിയേയും സുഹൃത്തായ ആര്യയേയും ഉൾപ്പെടുത്തി. അടിമുടി ദുരൂഹത നിറഞ്ഞതായിരുന്നു കേരളത്തിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഇവരുടെ യാത്ര. കൊൽക്കത്തയിൽ നിന്ന് വീണ്ടും ഗുഹാവത്തിയിലേക്ക് യാത്രതിരിച്ചത് മുതൽ ആരും പിന്തുടരാതിരിക്കാൻ ഡിജിറ്റൽ പണമിടപാടുകൾ പാടെ ഒഴിവാക്കി.
നവീനും ദേവിയും പതിമൂന്ന് വർഷങ്ങൾക്ക് മുൻപാണ് വിവാഹിതരായത്. മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന ഇവർ വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് പോയത്.
Also Read : 5-ജി സ്‌പീഡിൽ ടെലഗ്രാം വഴി ഓൺലൈൻ തട്ടിപ്പ്; ഗോൾഡൻ ഹവർ നിർണായകമെന്ന് പൊലീസ്