ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്‌ച നടത്തിയ സംഭവത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് ഡീൻ കുര്യാകോസ്. രാജേന്ദ്രൻ കഴിഞ്ഞ ദിവസം സിപിഎമ്മിലേക്ക് മടങ്ങിയെത്തി എന്ന് കേട്ടതാണ്. ഇപ്പോൾ കേൾക്കുന്നത് ബിജെപിയിലേക്ക് പോയെന്ന്. ഇതിനർത്ഥം ഇന്നത്തെ സിപിഎം നാളത്തെ ബിജെപി ആണെന്നാണ്. ബിജെപി ഒരു പാർട്ടിയെ മുഴുവനായി വിഴുങ്ങിയിട്ടുണ്ടെങ്കിൽ അത് അത് സിപിഎമ്മിനെയാണ് എന്നും ഡീന്‍ വിമര്‍ശിച്ചു.
ബംഗാളിലും ത്രിപുരയിലും അതാണ് കണ്ടത്. കേരളത്തിലും ആവർത്തിക്കുന്നു. കഴിഞ്ഞ ദിവസം രാജേന്ദ്രനെ സ്വീകരിച്ച എം എം മണി അടക്കമുള്ളവർ മറുപടി പറയണമെന്നും ഡീൻ പറഞ്ഞു.
ജാവദേക്കറുമായി കൂടിക്കാഴ്‌ച: എസ് രാജേന്ദ്രനന്‍ പ്രകാശ് ജാവദേക്കറുടെ ഡൽഹിയിലെ വസതിയിലെത്തി കൂടിക്കാഴ്‌ച നടത്തി എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ രാജയെ തോൽപിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് രാജേന്ദ്രനെ പാര്‍ട്ടി സസ്പെൻഡ് ചെയ്‌തത്. സസ്പെൻഷൻ കാലാവധി അവസാനിച്ചെങ്കിലും രാജേന്ദ്രൻ അംഗത്വം പുതുക്കിയില്ല.
പ്രാദേശിക നേതാക്കൾ രാജേന്ദ്രന് വീട്ടിലെത്തി പാർട്ടി അംഗത്വ ഫോം കൈമാറിയെങ്കിലും സീനിയർ നേതാവായ തന്നെ അനുനയിപ്പിക്കാൻ ജൂനിയർ നേതാക്കളെ വിട്ട് അപമാനിക്കുകയാണ് ചെയ്‌തതെന്ന് രാജേന്ദ്രൻ പ്രതികരിച്ചിരുന്നു. ഇതോടെയാണ് രാജേന്ദ്രന്‍ പാർട്ടി വിടുമെന്ന അഭ്യൂഹം ശക്തമായത്.
Also Read : എന്താണ് ഹവാല ?, ഇതും കള്ളപ്പണവും ഒന്നാണോ ? ; വിശദമായറിയാം
കഴിഞ്ഞ മാസം, ബിജെപിയുടെ ചെന്നൈയിൽ നിന്നുള്ള ദേശീയ നേതാവ് രാജേന്ദ്രന്‍റെ വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു. പിന്നീട് സംസ്ഥാന നേതാക്കളും രാജേന്ദ്രനുമായി കൂടിക്കാഴ്‌ച നടത്തി. എന്നാൽ ബിജെപിയില്‍ ചേരുമെന്ന ആരോപണം രാജേന്ദ്രൻ നിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിന്‍റെ ദേവികുളം മണ്ഡലം കണ്‍വന്‍ഷനിലും രാജേന്ദ്രന്‍ പങ്കെടുത്തിരുന്നു. മണ്ഡല തല പ്രചാരണത്തിന്‍റെ രക്ഷാധികാരിയായി എസ് രാജേന്ദ്രനെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്.