തിരുവനന്തപുരം: ശ്രീകാര്യം സിഇടി എഞ്ചിനീയറിങ് കോളജിലെ കാന്‍റീനിൽ നിന്ന് നൽകിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തി. ഇന്ന് (ഒക്‌ടോബർ 22) ഉച്ചയോടെയാണ് സംഭവം. വിദ്യാർഥി വാങ്ങിയ ഉച്ചയൂണിനോടൊപ്പം നൽകിയ സാമ്പാറിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.
സംഭവത്തിൽ പരാതി നൽകിയതോടെ ഭക്ഷ്യ സുരക്ഷ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു. തുടര്‍ന്ന് കോളജിൽ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പല്ലിയെ കണ്ടെത്തിയതിനുപിന്നാലെ ക്യാമ്പസിലെ എസ്എഫ്ഐ പ്രവർത്തകർ കാന്‍റീൻ പൂട്ടി താക്കോലെടുത്തിരുന്നു. എസ്എഫ്ഐയുടെ സമരത്തെ തുടർന്ന് ഉച്ചയ്ക്ക് ശേഷം കോളജ് അവധിയും നൽകിയിരുന്നു. ഭക്ഷ്യ സുരക്ഷ വിഭാഗത്തിൻ്റെ പരിശോധനയിൽ പിഴ ഈടാക്കി താത്ക്കാലികമായി കാന്‍റീൻ അടപ്പിച്ചിട്ടുണ്ട്. കാന്‍റീനിലെ സാഹചര്യം മെച്ചപ്പെടുത്തിയതിനു ശേഷം മാത്രമേ കാന്‍റീൻ തുറക്കാൻ അനുവദിക്കുകയുള്ളൂവെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു.