എറണാകുളം: കുവൈറ്റ് അബ്ബാസിയ സൈഫ് പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച നാലംഗ കുടുംബത്തിന്‍റെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു. കുട്ടനാട് തലവടിയിലെ നീരേറ്റുപുറം മുളയ്ക്കൽ വീട്ടിൽ മാത്യു വർഗീസ് (42), ഭാര്യ ലിനി (37), മക്കളായ ഐറിൻ (14), ഐസക് (11) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്.
ഇന്ന് (ജൂലൈ 22) രാവിലെയാണ് മൃതദേഹങ്ങള്‍ കൊച്ചി ഇൻ്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചത്. ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബുധനാഴ്‌ച (ജൂലൈ 24) വൈകുന്നേരം പൊതുദർശനത്തിനും സംസ്‌കാര ശുശ്രൂഷകൾക്കുമായി മൃതദേഹങ്ങൾ നീരേറ്റുപുറത്ത് വസതിയിൽ എത്തിക്കും. വ്യാഴാഴ്‌ച (ജൂലൈ 25) രാവിലെ 10 മണിക്ക് തലവടി പടിഞ്ഞാറേക്കര മാർത്തോമ്മ പള്ളിയിൽ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
നാട്ടിൽ നിന്ന് അവധി കഴിഞ്ഞെത്തിയ ദിവസം ഫ്ലാറ്റിൽ തീപടർന്നുണ്ടായ വിഷപ്പുക ശ്വസിച്ചാണ് കുവൈത്തിൽ നാലംഗ മലയാളി കുടുംബം മരിച്ചത്. ഫ്ലാറ്റിൽ തീപടർന്നതിനാൽ ആർക്കും അകത്തുകയറാനും രക്ഷാപ്രവർത്തനം നടത്താനും സാധിച്ചിരുന്നില്ല. അഗ്നിശമനസേനയെത്തിയപ്പോഴേക്കും നാല് പേരും മരിച്ചിരുന്നു.