ഇടുക്കി : ദല്ലാള്‍ നന്ദകുമാറിന്‍റെ ആരോപണത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ഉമ തോമസ് എംഎൽഎ. തന്നെ കുറിച്ച് പറഞ്ഞതിൽ യാതൊരു വാസ്‌തവവും ഇല്ല. ഈ ആരോപണത്തെ
അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയുന്നു. പിടി തോമസ് ഇക്കാര്യങ്ങൾ ഒന്നും തന്നെ പറഞ്ഞിട്ടില്ല. വീട്ടിൽ ഇത്തരം രാഷ്ട്രീയ ചർച്ചകൾ ഒന്നും നടത്താറില്ലായിരുന്നു എന്നും ഉമ തോമസ് എംഎൽഎ കട്ടപ്പനയിൽ പറഞ്ഞു.
ഒന്നാം യുപിഎ കാലത്ത് ഡിഫൻസ് മിനിസ്റ്ററുടെ വസതിയിലെ നിർണായക രേഖകൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് അനിൽ ആന്‍റണി പലർക്കും നൽകിയെന്നും സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിന് തന്‍റെ കയ്യിൽ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്നും ദല്ലാള്‍ നന്ദകുമാർ ആരോപിച്ചിരുന്നു.
ഒന്നാം യുപിഎ സർക്കാരിന്‍റെ അവസാന കാലത്തും രണ്ടാം യുപിഎ സർക്കാറിന്‍റെ കാലത്തും ഡൽഹിയിലെ അറിയപ്പെടുന്ന ബ്രോക്കറായിരുന്നു അനില്‍ ആന്‍റണി. സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിന് തന്‍റെ കയ്യിൽ നിന്ന് 25 ലക്ഷം രൂപ വാങ്ങി. നിയമനം ലഭിച്ചില്ല, പണം തിരിച്ചു തന്നതുമില്ല. പിന്നീട് പിടി തോമസ് ഇടപെട്ടാണ് പണം നൽകിയത്. അനിൽ ആന്‍റണി നിഷേധിച്ചാൽ സംവാദത്തിന് തയ്യാറാണെന്നും ആയിരുന്നു ദല്ലാള്‍ നന്ദകുമാറിന്‍റെ ആരോപണം.
പിതാവിനെ വച്ച് വില പേശി പണം വാങ്ങിയ ആളാണ് അനിൽ ആന്‍റണി. അനിൽ അംബാനിയുടേതിന് സമാനമായ ഒപ്പാണ് വിസിറ്റേഴ്‌സിന്‍റെ ബുക്കിൽ അനിൽ ആന്‍റണി ഇട്ടത്. പിജെ കുര്യനും, ഉമ തോമസിനും ഇക്കാര്യങ്ങൾ അറിയാം. ചില ഡിഫൻസ് നോട്ടുകൾ പുറത്ത് പോയി. ഇത് പിടിക്കപ്പെടാതിരിക്കാനാണ് അനിൽ ബിജെപിയിൽ ചേർന്നതെന്നും അനില്‍ ആന്‍റണിക്കെതിരെ നന്ദകുമാര്‍ ആരോപണം ഉയര്‍ത്തിയിരുന്നു.