തൃശൂര്‍: തൃശൂര്‍ മേഖലയിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്‌ടം. പുതുക്കാട്, വരന്തരപ്പിള്ളി, ചെങ്ങാലൂര്‍ കുണ്ടുകടവ്, ആറ്റപ്പിള്ളി പ്രദേശങ്ങളില്‍ ഇന്ന് രാവിലെ ആഞ്ഞടിച്ച മിന്നല്‍ ചുഴലിയിലാണ് വ്യാപക നാശനഷ്‌ടമുണ്ടാക്കിയത്. എസ്എൻ പുരം ഒല്ലൂക്കാരൻ പോൾ, കൊരട്ടിക്കാരൻ അമ്മിണി, ചുള്ളിപ്പറമ്പിൽ മനോജ്, നന്തിപുലം മൂക്കുപറമ്പിൽ അശോകൻ എന്നിവരുടെ വീടിന് മുകളിൽ മരം വീണു.
എറിയക്കാട് ഗിരീഷിന്‍റെ മുന്നൂറിലധികം കുലച്ച ഏത്ത വാഴകൾ ഒടിഞ്ഞുവീണു. പുതുക്കാട് പഞ്ചായത്തിലെ കുണ്ടുകടവ് പ്രദേശത്ത് ശക്തമായ കാറ്റിൽ മരം വീണ് 6 വീടുകൾക്ക് ഭാഗിക നാശം ഉണ്ടായി. നന്തിപുലം വടാത്തല വിജയൻ്റെ വീടിൻ്റെ മുകളിലേക്ക് കവുങ്ങുകൾ വീണ് ഓട് തെറിച്ച് വിജയൻ്റെ ഭാര്യ രുക്‌മിണിക്ക് കാലിന് പരിക്കേറ്റു. കോറ്റുകുളം സുരേഷിന്‍റെ കാറിനു മുകളിലേക്ക് മരം വീണ് കേടുപാടുകൾ സംഭവിച്ചു.
തോട്ടത്തിൽ മോഹനൻ എന്നയാളുടെ വീടിന്‍റെ ഷീറ്റിട്ട ടെറസ് പറന്നു പോയി. പ്രദേശത്തെ വൈദ്യുതി ലൈനുകളും വ്യാപകമായി നശിച്ചതോടെ ജനജീവിതം ബുദ്ധിമുട്ടിലായി. ചെങ്ങാലൂരിൽ റോഡിൽ സ്ഥാപിച്ചിരുന്ന ട്രാൻസ്‌ഫോർമർ ചരിഞ്ഞതും വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കുന്നു. പുതുക്കാട് എംഎൽഎ കെ രാമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തിയിട്ടുണ്ട്. കാർഷിക മേഖലയിലെ വിളനാശമടക്കം ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്.