കോഴിക്കോട് : ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസുകളുടെ എണ്ണത്തിൽ കേരളം സർവകാല റെക്കോഡിൽ. 2024 പിറന്ന് രണ്ടുമാസം കൊണ്ട് 6700 കേസുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ 98 കോടി രൂപ നഷ്‌ടപ്പെട്ടപ്പോൾ 15 കോടി തിരിച്ചുപിടിച്ചു. ഇതെല്ലാം പരാതി ലഭിച്ച കേസുകളുടെ കണക്കാണ്. എന്നാൽ പണം നഷ്‌ടപ്പെട്ടിട്ടും പരാതി നൽകാത്തവരുടെ എണ്ണവും ആയിരക്കണക്കിന് ഉണ്ടെന്നാണ് അന്വേഷണത്തിൽ മനസിലായത് (cyber cases in Kerala).
2023 വർഷത്തിൽ ആകെ 23,753 പരാതികൾ ലഭിച്ച സ്ഥാനത്ത് ഈ ജനുവരി, ഫെബ്രുവരി മാസത്തെ കണക്ക് പൊലീസിനെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. 201 കോടി രൂപയാണ് തട്ടിപ്പുകാർ കഴിഞ്ഞ വർഷം കൈക്കലാക്കിയതെങ്കിൽ കഴിഞ്ഞ രണ്ടുമാസം കൊണ്ട് അത് 98 കോടി രൂപയാണ്. കഴിഞ്ഞ വർഷം നടന്ന തട്ടിപ്പിനെ തുടർന്ന് 5107 ബാങ്ക് അക്കൗണ്ടുകളും 3289 മൊബൈൽ നമ്പറുകളും ബ്ലോക്ക് ചെയ്‌തിരുന്നു. തിരികെ പിടിച്ചത് 20% തുക മാത്രം.
രാജ്യത്ത് തെരഞ്ഞെടുപ്പ് കാലമായതോടെ തട്ടിപ്പുകാർ കൂട്ടത്തോടെ രംഗത്തിറങ്ങിയിരിക്കുകയാണ്. ഇലക്ഷൻ റീചാർജ് യോജന എന്ന പേരിൽ കസ്റ്റമറുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച് കൊടുക്കുന്നതാണ് പുതിയ രീതി (cyber cases in Kerala).
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പേര് വ്യാജമായി ഉപയോഗിച്ച് അക്കൗണ്ടിലേക്ക് പണം നൽകാമെന്ന പേരിൽ മുഴുവൻ വിശദാംശങ്ങളും സ്വന്തമാക്കും. പേരിന് ഒരു തുകയും ട്രാൻസ്‌ഫർ ചെയ്യും. ഒടിപി വാങ്ങിച്ച് സത്യസന്ധത വ്യക്തമാക്കും. ഇതിലൂടെ ആ ഫോണിലെ മുഴുവൻ വിവരങ്ങളും വ്യാജൻ കൈക്കലാക്കും. അവസരം കാത്തിരുന്ന് വഞ്ചിക്കും. മറ്റൊന്ന് ഇലക്ഷൻ ഡ്യൂട്ടി ഉണ്ടോ എന്നറിയാൻ വേണ്ടി എന്ന് കാണിച്ച് സർക്കാർ ഉദ്യോഗസ്ഥരുടെ ഫോണിൽ കയറിക്കൂടാനുള്ള ടെക്‌നിക് ആണ്. വ്യാജൻമാർ നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ പണിപാളും.
ടെലിഗ്രാം വഴിയുള്ള ട്രേഡിംഗ് തട്ടിപ്പിലാണ് കൂടുൽ പേരുടേയും പണം പോയത്. നിക്ഷേപിക്കുന്ന പണം ട്രേഡ് മാര്‍ക്കറ്റിലിറക്കി വർധിപ്പിക്കുന്നു എന്ന വ്യാജേനയുള്ള തട്ടിപ്പാണിത്. അയ്യായിരം രൂപ നിക്ഷേപിച്ചാൽ അടുത്ത ദിവസം അത് ആറായിരത്തിന് മുകളിലാണ്. ദിവസവും പണം വർധിക്കുന്നതായി മെസേജ് വരും. ഇതിൽ ആകൃഷ്‌ടരാകുന്നവർ വലിയ തുക നിക്ഷേപിക്കും. ഒടുവിൽ ഒരു രൂപ പോലും ബാക്കി വയ്ക്കാതെ തട്ടിപ്പുകാർ കൊണ്ടുപോകും. വലിയ വിദ്യാഭ്യാസ യോഗ്യതയുളളവരാണ് ഇതിൽ കൂടുതലും പെട്ടത് (cyber cases in Kerala).
കൃത്രിമ ബുദ്ധി ഉപയോഗിച്ചുള്ള തട്ടിപ്പിൽ വരെ എത്തിനിൽക്കുന്ന സൈബർ ലോകത്ത് നിലവിൽ കോളജ് വിദ്യാർഥികളാണ് ഇരയാകുന്നവരിൽ മറ്റൊരു വലിയ വിഭാഗം. വട്ടച്ചെലവിന് പണം തികയാതെ അലയുന്ന കുട്ടികളെയാണ് തട്ടിപ്പുകാർ വലയിലാക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. ഉത്തരേന്ത്യൻ ലോബി ഇതിനായി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് കാലമായതോടെ പൊലീസ് ഉദ്യോഗസ്ഥർക്കും പരക്കെ സ്ഥലം മാറ്റമാണ്. ഇതോടെ പരാതികൾ സ്വീകരിക്കുന്നതിലും വൈമുഖ്യം കാണിക്കുന്നുണ്ട്. സ്റ്റേഷൻ ഓഫീസറായ ഇൻസ്പെക്‌ടറുടെ കൈയ്യിലോ അതുവഴി സൈബർ സെല്ലിലോ പരാതി എത്തിയാലേ കേസ് മുന്നോട്ട് പോകൂ. എന്നാൽ സ്റ്റേഷൻ പിആർഒ, എസ്ഐമാർ തുടങ്ങിയവർ പരാതി നൽകാൻ എത്തുന്നവരെ കുറ്റക്കാരാക്കി മനംമടുപ്പിച്ച് തിരിച്ചയക്കുന്ന പ്രവണത ഇപ്പോൾ വർധിച്ചുവരുന്നുമുണ്ട്.
പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്നതാണ് ഇതിലെ പ്രധാന പ്രശ്‌നം. പണം നഷ്‌ടമായി രണ്ട് മണിക്കൂറിനുള്ളില്‍ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിവരം അറിയിച്ചാല്‍ പണം തിരികെ പിടിക്കുന്നതിനുള്ള സാധ്യത വളരെയേറെയാണ്. എന്നാല്‍ പലപ്പോഴും പണം നഷ്‌ടപ്പെട്ട് പത്തുദിവസം വരെ കഴിഞ്ഞാണ് പൊലീസിന് പരാതികള്‍ ലഭിക്കുന്നത്. ഇതിനാല്‍ തട്ടിപ്പുകാര്‍ക്ക് തുക പിന്‍വലിക്കുന്നതിന് ആവശ്യമായ സമയം ലഭിക്കുന്നു.
നിക്ഷേപത്തട്ടിപ്പില്‍ പെടാതിരിക്കാനായി പണം നിക്ഷേപിക്കുന്നതിന് മുന്‍പുതന്നെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് പരിശോധിച്ച് സ്ഥാപനങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തേണ്ടതാണ്.
രാജ്യത്തും സൈബർ കേസുകളിൽ വൻ വർധനയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2021-ൽ 4.52 ലക്ഷം സൈബർ കേസുകളാണ് റിപ്പോർട്ട് ചെയ്‌തിരുന്നതെങ്കിൽ 2022-ൽ അത് 9.66 ലക്ഷവും, 2023-ൽ 15.56 ലക്ഷം കേസുകളുമായും ഉയർന്നിട്ടുണ്ട്. ഇതിൽ പകുതിയിലധികവും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളാണ്.