ഇടുക്കി: കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട അടിമാലി കാഞ്ഞിരവേലിയിൽ വീണ്ടും കാട്ടാന ആക്രമണം. രണ്ട് ദിവസമായി ജനവാസ മേഖലയിലൂടെ ചുറ്റിത്തിരിയുന്ന കാട്ടാനകൾ പ്രദേശത്ത് വ്യാപക നാശം വരുത്തി. രണ്ട് ഏക്കറോളം വരുന്ന സ്ഥലത്തെ കൃഷിവിളകൾ ആനകൾ നശിപ്പിച്ചതായി പ്രദേശവാസികൾ പറഞ്ഞു.
കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ വലിയ പ്രതിഷേധമാണ് പ്രദേശത്ത് രൂപം കൊണ്ടത് (Elephant Attack In Kanjiraveli ).
കാഞ്ഞിരവേലി മേഖലയിലെ കാട്ടാന ശല്യം പ്രതിരോധിക്കാൻ ഫലപ്രദമായ ഇടപെടൽ നടത്തുമെന്ന് വനം വകുപ്പ് അന്ന് അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് വീണ്ടും കാട്ടാന ശല്യം തുടരുകയാണ്. ആനകൾ കൂട്ടത്തോടെയിറങ്ങി വ്യാപക കൃഷിനാശമാണ് വരുത്തിയത്.
തെങ്ങും കമുകും ഉള്‍പ്പടെയുള്ള കൃഷികൾ കാട്ടാന നശിപ്പിച്ചു. രണ്ട് ഏക്കറോളം വരുന്ന സ്ഥലത്തെ കൃഷിവിളകൾ ആനകൾ നശിപ്പിച്ചതായി പ്രദേശവാസികൾ പറഞ്ഞു. കർഷകർക്ക് വലിയ നഷ്‌ടമാണ് കാട്ടാനകൾ വരുത്തിയിട്ടുള്ളത്. ആനകൾ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയതോടെ ആളുകളും ഭീതിയിലാണ്.
പകൽ അപ്രതീക്ഷിതമായി പാഞ്ഞെത്തിയ കാട്ടാനയായിരുന്നു കഴിഞ്ഞ ദിവസം വീട്ടമ്മയുടെ ജീവൻ കവർന്നത്. പ്രദേശത്തെ കാട്ടാന ശല്യം പ്രതിരോധിക്കാൻ ഫലപ്രദമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.